# താലൂക്ക് വികസനസമിതി യോഗതീരുമാനങ്ങൾ

ആലുവ: ആലുവ മിനി സിവിൽ സ്റ്റേഷനിൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി നിർമ്മിച്ചിട്ടുള്ള റാമ്പ് കൈയ്യേറി വാഹന പാർക്കിംഗ് നടത്തുന്നത് തടയാൻ താലൂക്ക് വികസന സമിതി തീരുമാനിച്ചു. കേരള കോൺഗ്രസ് പ്രതിനിധി ഡൊമിനിക് കാവുങ്കൽ വിഷയം ഉന്നയിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ശേഷം അൻവർ സാദത്ത് എം.എൽ.എയാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

മയക്കുമരുന്ന് ഉപയോഗവും വിതരണവും ആലുവ മേഖലയിൽ വർദ്ധിച്ചതായി ബി.ജെ.പി അംഗം എം.എൻ. ഗോപി പറഞ്ഞു. ആലുവ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, അത്താണി മേഖലകളിൽ ആണ് വ്യാപകമായിരിക്കുന്നതെന്നും നടപടികൾ ശക്തമാക്കണമെന്നും ഗോപി ആവശ്യപ്പെട്ടു.

കാലടി പാലത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം, പവ്വർ ഹൗസ് ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ റോഡ് വീതി കൂട്ടണമെന്നും ഇതിനായി പൊലീസ് ക്വാർട്ടേഴ്‌സ് സ്ഥലം വിട്ടുകൊടുക്കണമെന്നും കേരള കോൺഗ്രസ് (എം) പ്രതിനിധി ഷാജി തേക്കുകാട്ടിൽ ആവശ്യപ്പെട്ടു.

ആലുവ നഗരസഭയിലും പഞ്ചായത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിക്കളഞ്ഞത് ഡൊമിനിക് കാവുങ്കൽ ഉന്നയിച്ചു. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് തഹസിൽദാർ ഉറപ്പുനൽകി.

റേഷൻ കടയിൽ വിജിലൻസ് സമിതികൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. ആലുവ മേഖലയിൽ കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിൾ കുഴികൾ അപകടങ്ങൾ ഉണ്ടാക്കുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ശിവരാത്രിക്ക് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും കെ.എസ്.ഇ.ബിയോടും യോഗം ആവശ്യപ്പെട്ടു.

ആലുവ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം സരള മോഹൻ, ഭൂരേഖ തഹസിൽദാർ പി.എൻ. അനി, അബ്ദുൾ സമദ്, മുരളി പുത്തൻവേലി, പി.എം. റഷീദ്, ഡെപ്യൂട്ടി തഹസിൽദാർ കെ ഐ സൈനബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.