കോതമംഗലം: ഗതകാല സംഭവങ്ങളെയും പൂർവ പിതാക്കന്മാരെയും അനുസ്മരിച്ച് ചരിത്രം പേറുന്ന ചക്കാലക്കുടിയുടെ തീരത്തു കൂടി ഒഴുകുന്ന കോഴിപ്പിള്ളി പുഴയിൽ ആയിരത്തിലേറെ പേർ അണിചേർന്ന ജലസമർപ്പണ സമരം അരങ്ങേറി. മാർതോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനും സത്യവിശ്വാസ സംരക്ഷണത്തിനും വേണ്ടിയുള്ള സമരമുറയായിരുന്നു മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. അയ്യായിരം വർഷം മുൻപ് പൂർവ പിതാവ് മോശയുടെ നേതൃത്വത്തിൽ, ഇസ്രയേൽ ജനത ചെങ്കടൽ കടന്നതിന്റെയും മുന്നൂറ്റി മുപ്പത്തിയഞ്ച് വർഷം മുൻപ് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ കോഴി പള്ളിയിലെ ചക്കാലകുടിയിൽ എത്തിയശേഷം സമൃദ്ധമായി ഒഴുകിയിരുന്ന കോഴിപ്പിള്ളി പുഴയിലൂടെ കാൽനടയായി മറുകരയെത്തി മാർതോമ ചെറിയ പള്ളിയിൽ എത്തിയതിന്റെയും ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് വിശ്വവിഖ്യാതമായ നർമ്മദാ ബച്ചാവോ ആന്തോളൻ സമരരീതി അനുകരിച്ചാണ് ജലസമർപ്പണ സമരം സംഘടിപ്പിച്ചത്. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിശ്വാസി സമൂഹം കോഴിപ്പിള്ളി പുഴയിലെ ജല സമർപ്പണ സമരത്തിൽ പങ്കെടുത്തു. സത്യവാചകം പുതീയ്ക്കൽ പി.എസ്. സുരേഷ് ചൊല്ലിക്കൊടുത്തു. ജലസമർപ്പണസമരം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ: ജോസ് പരത്തുവയലിൽ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ. എ.നൗഷാദ്, വാർഡ് മെമ്പർ ഡയാനനോബി, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി പി.എ. സോമൻ, പി. എ.വേലപ്പൻ, അഡ്വ:രാജേഷ് രാജൻ, റോയി. കെ. പോൾ, പി.സി. ജോർജ്, ബെന്നി നടുവത്ത്, കെ.ഐ. ജേക്കബ്, സലിം മംഗലപാറ, ജോർജ് ഏടപ്പാറ, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ്തോമസ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. ജ്യോതിപ്രയാണം ഇന്നാരംഭിക്കും ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചരിത്രപ്രസിദ്ധമായ തൃക്കാരിയൂരിൽനിന്നും മാർതോമാ ചെറിയപള്ളിയിലേക്ക് ജ്യോതിപ്രയാണം ആരംഭിക്കും. ചന്ദ്രലേഖ ശശിധരൻ ക്യാപ്റ്റൻ ആയിട്ടുള്ള ജ്യോതി പ്രയാണത്തിന് വഴിമധ്യേ തങ്കളം ക്ഷേത്രപ്പടി, തങ്കളം മുസ്ലീം പള്ളി ജംഗ്ഷൻ, ടൗൺ മുസ്ലിം പള്ളി ജംഗ്ഷൻ, മുനിസിപ്പൽ ചെയർപേഴ്സണിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുനിസിപ്പൽ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗാന്ധി സ്‌ക്വയർ, ഹൈറേഞ്ച് ജംഗ്ഷനിൽ കത്തോലിക്കാ പള്ളിയുടെ ഫാത്തിമ മാതാ കപ്പേളയുടെ കുരിശടികവല, മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴം എന്നിവിടങ്ങളിൽ വൻ സ്വീകരണമൊരുക്കും. തുടർന്ന് മാർതോമ ചെറിയ പള്ളിയിൽ ജ്യോതിപ്രയാണം സമാപിക്കും. ചക്കാലക്കുടി തീരത്തു കൂടി ഒഴുകുന്ന കോഴിപ്പിള്ളി പു ഴയിൽ ജലസമർപ്പണ സമരം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.