കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാറേപ്പീടികയിൽ ക്വാറി തൊഴിലാളിയായ യുവാവ് തോട്ട ദേഹത്തുവച്ചുകെട്ടി തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം വടാട്ടുപാറ പുത്തൻപുരയിൽ പി.എ. രാജേഷ് (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് സമീപത്താണ് സംഭവം. രാജേഷ് തോട്ട ദേഹത്ത് വച്ച് കെട്ടിയശേഷം തീകൊളുത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പാറേപ്പീടികയിലെ സ്വകാര്യ ക്വാറിയിലെ ജീവനക്കാരനായിരുന്ന രാജേഷും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബവഴക്കാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ സ്വദേശമായ വടാട്ടുപാറയിൽ സംസ്‌കരിക്കും. അശ്വതിയാണ് ഭാര്യ. അമൽ, ആദിത്യ എന്നിവർ മക്കളാണ്.