കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പാലാരിവട്ടം ഇല്ലിക്കൽ വീട്ടിൽ ശ്രീക്കുട്ടൻ (26), തിരുവല്ല കുന്നന്താനം അമ്പലപ്പറമ്പിൽ അജിത് അനിൽ (21) എന്നിവരാണ് ഇടപ്പള്ളി അഞ്ചുമനയിൽ നിന്ന് അറസ്റ്റിലായത്.
ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കൊച്ചിയിലെത്തിച്ചാണ് വില്പന നടത്തുന്നതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. കിലോയ്ക്ക് അറുനൂറ് രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് മൊത്തമായും ചെറിയ പായ്ക്കറ്റുകളിലാക്കിയുമാണ് വിറ്റിരുന്നത്. ഗോവയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന സമയത്താണ് ശ്രീക്കുട്ടൻ കഞ്ചാവ് വ്യാപാരസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്. ആന്ധ്രയ്ക്ക് പുറമെ ഒഡീഷയിൽ നിന്നും ഗോവയിൽ കഞ്ചാവ് എത്തിച്ചിരുന്നു. പാലാരിവട്ടത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്നതിനിടെയും കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ഫോണിൽ വില ഉറപ്പിച്ചശേഷമാണ് മുന്തിയതരം ബൈക്കുകളിൽ സഞ്ചരിച്ച് രഹസ്യമായി കഞ്ചാവ് കൈമാറ്റം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് വിഭാഗവും പാലാരിവട്ടം പൊലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.