 ഹർജി ഇന്ന് പരിഗണിച്ചേക്കും.

 കളക്ടർ അപേക്ഷയിൽ നടപടിയെടുത്തില്ലെന്ന് ആക്ഷേപം

 വലിയവിളക്കു ദിവസവും ആറാട്ടിനുമാണ് വെടിക്കെട്ട്

കൊച്ചി : എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വലിയ വിളക്കിനും ആറാട്ടിനും വെടിക്കെട്ട് നടത്താൻ അനുമതി തേടി ക്ഷേത്ര ക്ഷേമ സമിതി നൽകിയ ഹർജി സിംഗിൾബെഞ്ച് ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഹർജി ഇന്ന് പരിഗണിച്ചേക്കും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിന് വലിയ വിളക്കിനോടനുബന്ധിച്ചുള്ള പകൽപൂരത്തിനുശേഷവും ഫെബ്രു. ഏഴിന് ആറാട്ടിനോടനുബന്ധിച്ചും വെടിക്കെട്ട് നടത്താറുണ്ട്. ആചാരപരമായ വെടിക്കെട്ടിന് അനുമതി തേടി കഴിഞ്ഞ ഡിസംബർ ഏഴിന് എറണാകുളം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ജനുവരി 30 ന് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നത് വർഷങ്ങളായി തുടരുന്ന ആചാരമാണ്. ഭക്തരുടെ സുരക്ഷയും ക്ഷേത്രത്തിന് സമീപത്തെ കെട്ടിടങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തി വെടിക്കെട്ട് നടത്താമെന്നും അനുമതി നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എ. ബാലഗോപാലൻ ഹർജിയിൽ പറയുന്നത്. ഇന്നലെ ഹർജി സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കു വന്നപ്പോൾ ദേവസ്വം വിഷയങ്ങൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.