tribune
ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാനതല നിരീക്ഷക സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള, മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എസ്. ശ്രീകല, ചീഫ് എൻവയോൺമെൻറൽ എൻജിനീയർ എം.എ ബൈജു എന്നിവർ മരടിലെ ഫ്ളാറ്റ് പൊളിച്ച സ്ഥലം സന്ദർശിക്കുന്നു

കൊച്ചി: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചുമാറ്റിയ മരടിലെ ഫ്ളാറ്റുകളുടെ കോൺക്രീറ്റ് മാലിന്യം നീക്കുന്ന ജോലിയിൽ ദേശീയ ഹരിതട്രിബ്യൂണൽ സംസ്ഥാന നിരീക്ഷകസമിതി ചെയർമാൻ ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളഅതൃപ്തി പ്രകടിപ്പിച്ചു. അവശിഷ്ടനീക്കത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശപ്രകാരം രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോൺക്രീറ്റ് മാലിന്യനീക്കം നടക്കുന്ന നാല് സ്ഥലങ്ങളും ചെയർമാനും സംഘവും സന്ദർശിച്ചു. സബ് കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൺവയോൺമെന്റൽ എൻജിനീയർ എം.എ ബൈജു, നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, മാലിന്യം നീക്കാൻ കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസ് പാർട്ണർ അച്യുത് ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


''തിരുവനന്തപുരത്ത് 24 ന് ചേർന്ന സംസ്ഥാന നിരീക്ഷക സമിതി യോഗത്തിൽ മലിനീകരണം ഒഴിവാക്കാൻ മരട് നഗരസഭയ്ക്ക് നൽകിയ നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും പാലിച്ചിട്ടില്ല. മാലിന്യം എത്ര ദിവസത്തിനകം നീക്കാൻ സാധിക്കുമെന്ന് കരാറെടുത്തവർ കത്തു മൂലം ജില്ലാ കളക്ടറേയും സബ് കളക്ടറേയും മരട് നഗരസഭ സെക്രട്ടറിയേയും അറിയിക്കണം. കരാറുകാർ തയ്യാറാക്കിയ കർമ്മപദ്ധതി മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് നടപടി സ്വീകരിക്കും. രാത്രി പല ലോഡുകളും കൃത്യമായി മൂടാതെയാണ് കൊണ്ടു പോകുന്നത്. ഇത് കണ്ടെത്താൻ പൊലീസിനെ ജാഗരൂഗരാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. കോൺക്രീറ്റ് മാലിന്യങ്ങൾ അനധികൃതമായി ഭൂമി നികത്തുന്നതിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. എത്ര ടൺ മാലിന്യം കൊണ്ടുപോകുന്നുണ്ടെന്നും അത് ശേഖരിക്കുന്ന സ്ഥലത്ത് കൃത്യമായി എത്തുന്നുണ്ടോയെന്നും ഉറപ്പാക്കണം. കായലിലേയ്ക്ക് വെള്ളം ഒഴുക്കി കളയേണ്ട സാഹചര്യമുണ്ടെങ്കിൽ ടാങ്കിൽ ശേഖരിച്ച് ശുദ്ധീകരിച്ച ശേഷമാവണം. ''

ജസ്റ്റിസ് എ.വി രാമകൃഷ്ണപ്പിള്ള

 ഹരിത ട്രിബ്യൂണൽ മാർഗനിർദ്ദേശങ്ങൾ

1. സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എല്ലാ സൈറ്റിലും 35 അടി ഉയരത്തിൽ ചുറ്റോടു ചുറ്റും കെട്ടിമറയ്ക്കുക

2. പൊടിശല്യം ഒഴിവാക്കാൻ സ്പ്രിങ്ക്ലർ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുക

3. പമ്പ് ചെയ്യുന്ന വെള്ളം കായലിലേയ്ക്ക് തിരികെ എത്താതിരിക്കാൻ നടപടിയെടുക്കുക

4. കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ കൃത്യമായി മൂടുക

5. മാലിന്യം കൊണ്ടു പോകുന്ന സമയത്ത് ഇതിനോട് ചേർന്നുള്ള റോഡുകൾ നനയ്ക്കുക

6. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന കാര്യക്ഷമമാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക