കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിൽ 11 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ അഞ്ചു പേർ നൽകിയ ഹർജി ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനായി മാറ്റി.
മൈക്രോഫിനാൻസിലടക്കം സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യൂണിയൻ ഭാരവാഹികളായ സുഭാഷ് വാസു, സുരേഷ്ബാബു, ഷാജി. എം. പണിക്കർ, എം. മധു, ശിവൻ എന്നിവർക്കെതിരെ 2019 ആഗസ്റ്റ് ഒന്നിനാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. വഞ്ചന, സാമ്പത്തികതട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയത്. കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2019 സെപ്തംബറിലാണ് സുഭാഷ് വാസു ഉൾപ്പെടെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി നിയമപ്രകാരം രൂപീകരിച്ച എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊലീസിന് അന്വേഷിക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. തുടർന്നാണ് ഹർജിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയത്.