വൈപ്പിൻ : ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ സ്വദേശി സിജേഷ് ( 35) , ഭാര്യ രേഷ്മ (25) , മകൾഒരു വയസുള്ള ആർച്ച എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടവനക്കാട് കുഴുപ്പിള്ളി തെക്കേക്കരബസ് സ്റ്റോപ്പിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. മറ്റൊരു കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു..
കുഴുപ്പിള്ളി താണിയത്ത് ലൈനിന് കിഴക്ക് സഹോദരിയുടെ വീട്ടിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ആലുവയിലേക്ക് സ്വന്തം ഓട്ടോയിൽ പോകുമ്പോഴാണ് സംഭവം.താണിയത്ത് ലൈനിൽ നിന്നും വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലേക്ക് കയറിയ ഓട്ടോയിൽ വടക്ക് നിന്നും വരികയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടാങ്കർ സെയ്തു മുഹമ്മദ് റോഡിൽ ഇലക്ട്രിക് പോസ്റ്ററുകൾ തകർത്താണ് നിന്നത്.ഓട്ടോയിൽ നിന്ന് ഭാര്യയും രണ്ട് കുട്ടികളും തെറിച്ചു റോഡിൽ വീണു. ഞാറയ്ക്കൽ പൊലീസ് കേസെടുത്തു.