kumaramagalam-temple-new
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രം

പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ പത്തരയ്ക്ക് ചെറായി പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ആറിന് നാരായണീയ പാരായണം, എട്ടിന് കലവറ നിറയ്ക്കൽ, വൈകിട്ട് ആറിന് ഭജന, ഏഴിന് കലാസന്ധ്യ, രാത്രി എട്ടരയ്ക്ക് തെക്കുംപുറം ദേവീ സഹായ താലാഘോഷ കമ്മിറ്റിയുടെ താലം എഴുന്നള്ളിപ്പ്.

പ്രതിഷ്ഠാദിനമായ നാളെ (ബുധൻ) രാവിലെ എട്ടരയ്ക്ക് കലശപൂജ, 11.30ന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രസാദഊട്ട്, വൈകിട്ട് ആറിന് യോഗാപ്രദർശനം, രാത്രി എട്ടിന് പറവൂത്തറ ഡോ. പല്പുസ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ താലംഎഴുന്നള്ളിപ്പ്, തുടർന്ന് മംഗല്യത്താലസമർപ്പണവും ആരാധനയും. രാത്രി എട്ടരയ്ക്ക് ഭക്തജനസമിതിയുടെ നേതൃത്വത്തിൽ കാവടിയാട്ടം. 6ന് രാവിലെ നവകലശപൂജ, ഒമ്പതിന് സഹസ്രനാമാർച്ചന, പത്തിന് നവകലശാഭിഷേകം, വൈകിട്ട് ആറരയ്ക്ക് തിരുവാതിരകളി, ഏഴിന് വിവിധ കലാപരിപാടികൾ. മഹോത്സവദിനമായ 7ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് കലശാഭിഷേകം, ആനയൂട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി എട്ടിന് കാണിക്ക സമർപ്പണം, എട്ടരയ്ക്ക് ആകാശവിസ്മയം, ഒമ്പതിന് നാട്ടറിവ് നാടൻപാട്ട്.

തൈപ്പൂയ മഹോത്സവദിനമായ 8ന് പുലർച്ചെ വിശേഷാൽപൂജ, അഞ്ചുമുതൽ അഭിഷേകം, പതിനൊന്നിന് ചില്ലിക്കൂടം ഭദ്രകാളി സേവാസമിതിയുടെ കാവടിയാട്ടം, വൈകിട്ട് ആറരയ്ക്ക് ഭജന, എട്ടിന് ആറാട്ടുബലി തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം കൊടിയിറങ്ങും.

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ നാളെ

ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ നാളെ (ബുധൻ) രാവിലെ പതിനൊന്നിന് നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാദ്, ‌ഡോ. ഗീതാ സുരാജ്, ചേന്ദമംഗലം പ്രതാപൻ, എം.എം. പവിത്രൻ, ടി.എസ്. ജയൻ തുടങ്ങിയവർ പങ്കെടുക്കും.

വിഗ്രഹ ഘോഷയാത്രയും സ്വീകരണവും ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് തുരുത്തിപ്പുറത്തുള്ള ശില്പി സജീവ് സിദ്ധാർത്ഥന്റെ വസതിയിൽ നിന്ന് ക്ഷേത്രം സെക്രട്ടറി എം.കെ. സജീവ്, പ്രസിഡന്റ് എൻ.പി. ബോസ്, ടൗൺ എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി ടി.എസ്. ജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വിഗ്രഹം ക്ഷേത്രാങ്കാണത്തിലേയ്ക്ക് കൊണ്ടുവരും. ഈഴവ സമാജം ഷോപ്പിംഗ് കോംപ്ളസിൽ സമാജം ഭാരവാഹികളും ചേന്ദമംഗലം കവലയിൽ ടൗൺ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും ചേന്ദമംഗലം പാലത്തിനു സമീപം തൂയിത്തറ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും സ്വീകരണം നൽകും. കുമാരമംഗലം ബസ് സ്റ്റോപ്പിനു സമീപത്തെത്തുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളുടേയും പൂത്താലത്തിന്റേയും അകമ്പടിയിൽ പറവൂത്തറ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേയ്ക്ക് ആനയിക്കും. ക്ഷേത്രത്തിലെത്തുന്ന വിഗ്രഹം ക്ഷേത്രം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ. ജോഷി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സ്വീകരിച്ച് ഗുരുമണ്ഡപത്തിലെത്തിക്കും.