കൊച്ചി : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവും വിശാലകൊച്ചി വികസന അതോറിറ്റി മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ ഉൾപ്പെടെ നൽകിയ ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്റെ വിധി. ഏത് വോട്ടർപട്ടികയാണ് പരിഗണിക്കേണ്ടതെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ടെന്നും കോടതിക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. 2015 ലെ തിരഞ്ഞെടുപ്പിനുശേഷം വോട്ടർപട്ടിക പുതുക്കിയിട്ടുണ്ട്. ഇതിനുശേഷം പേരു ചേർത്തവരൊക്കെ വീണ്ടും പേരു ചേർക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ വിശദീകരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടിക വാർഡ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പോളിംഗ് ബൂത്തുകളെ അടിസ്ഥാനമാക്കിയാണ് പട്ടികയൊരുക്കുന്നത്. ഇത്തരം വോട്ടർപട്ടികകളിൽ ഒരേ വാർഡിലെ വിവിധ പ്രദേശങ്ങൾ പല ബൂത്തുകളിലാകും ഉൾപ്പെടുത്തുക. ഇൗ സാഹചര്യത്തിലാണ് 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.