മൂവാറ്റുപുഴ: രാഷ്ട്രപിതാവായ മഹാത്മജിയുടെ 150മത് വാർഷികാഘോഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമ്മല കോളജിൽ ഗാന്ധി ശില്പം അനാച്ഛാദനം ഇന്ന് നടക്കും. രാവിലെ 10ന് കോളജിന്റെ പ്രധാന മന്ദിരത്തിന്റെ മുൻ വശത്ത് തയ്യാറാക്കിയിട്ടുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലെ മഹാത്മജിയുടെ ശില്പം രാജ്യസഭ ജോയിന്റ് സെക്രട്ടറി സത്യ നാരായണ സാഹു അനാച്ഛാദനം ചെയ്യും. തുടർന്ന് ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മാരക പ്രഭാഷണവും നടത്തും. കോളജ് മാനേജർ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജെ. ജോർജി നീർനാൽ, പ്രൊഫ. സജി ജോസഫ്, പ്രോഗ്രാം കൺവീനർ ഡോ. നിബു തോംസൺ എന്നിവർ നേതൃത്വം നൽക്കും.വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കോളേജ് സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രാമീണരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം, സാങ്കേതിക വിദ്യപരിശീലനം, ശുചീകരണ പരിപാടി, രക്തദാനം, പ്ലാസ്റ്റിക് നിർമാർജനം, ജൈവകൃഷി തുടങ്ങിയ പരിപാടികൾ ആചരണങ്ങളുടെ ഭാഗമായിനടപ്പാക്കി കഴിഞ്ഞു. മഹാത്മജിയുടേയും മറ്റും സംഭാവനകളെക്കുറിച്ച് പഠിക്കാനായി കോളജിന്റെ കേന്ദ്ര ഗ്രന്ഥശാലയിൽ മഹാത്മഗാന്ധി ദാർശനിക് സ്ഥൽ എന്ന പേരിൽ പഠനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.