rubber
റബ്ബർ ടാപ്പിംഗ്

കോലഞ്ചേരി: റബറിന്റെ വിലയിടിവും കാലാവസ്ഥാ വ്യതിയാനവും മൂലം കർഷകർ റബർ കൃഷി ഉപേക്ഷിക്കുന്നു. കൂലി നൽകി ടാപ്പിംഗ് നടത്തുന്നത് നഷ്ടത്തിലായതോടെ ഭൂരിഭാഗം കർഷകരും ടാപ്പിംഗ് നിർത്തി.കഴിഞ്ഞ വർഷത്തെ പ്രളയവും തുടർന്നുണ്ടായ അമിതമായ ചൂടും റബർപാൽ ഉത്പാദനം കുറച്ചു. ഒരു ഹെക്ടറിന് 2,500 കിലോഗ്രാം ഷീ​റ്റ് കിട്ടിയിരുന്നിടത്ത് ഇപ്പോൾ 1500 മുതൽ 1700 വരെയാണ് ലഭിക്കുന്നത്. രണ്ടു മൂന്ന് വർഷമായി റബർ നഴ്‌സറികളിലും റബർതൈകൾ കെട്ടിക്കിടക്കുകയാണ്. ആവർത്തന കൃഷി നടത്താതെ തെങ്ങും കുരുമുളകും കമുക്, വാഴ, ജാതി എന്നിവയുംനടുന്ന കർഷകരുമുണ്ട്. 5 ഏക്കർ റബർ ടാപ്പിംഗ് നടത്തിയതിനു ശേഷം കൂലിയും വളത്തിന്റെയും പരിചരണത്തിന്റെയും പണവും കഴിച്ചാൽ ലാഭമല്ല നഷ്ടമാണ് വരുന്നത്.സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർക്ക് കൂലി മാത്രം ലഭിക്കുന്നുണ്ട്.

വിലയിടിവ് കർഷകർക്ക് തിരിച്ചടിയായി

കിലോഗ്രാമിന് 260 രൂപവരെ കിട്ടിയിരുന്നിടത്ത് ഇപ്പോൾ കർഷകനു ലഭിക്കുന്നത് 131 രൂപയാണ്. വിലസ്ഥിരതാ ഫണ്ടും കിട്ടിയിട്ട് ഒരു വർഷമായി. 2019 ഫെബ്രുവരിയിലാണ് അവസാനമായി ഫണ്ട് നൽകിയത്. മിക്ക തോട്ടങ്ങളിലും റീപ്ലാന്റ് ചെയ്യുന്നതും നീളുകയാണ്.

ടാപ്പിംഗ് കൂലി പഴയത് തന്നെ

റബറിന് വിലയിടിഞ്ഞെങ്കിലും ടാപ്പിംഗ് കൂലി പഴയതു തന്നെയാണ് ഒരു മരത്തിന് ഒന്നര മുതൽ രണ്ടുരൂപവരെയാണ് കൂലി. നൂറു മരത്തിന് ശരാശരി 10 ഷീ​റ്റ് ലഭിക്കുമെന്നായിരുന്നു കണക്ക്. ഒരേക്കർ തോട്ടത്തിൽനിന്ന് 13 കിലോ വരെ ഷീ​റ്റ് ലഭിച്ചേക്കാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പ് ചെയ്യുന്നത്. അങ്ങിനെ വരുമ്പോൾ മാസത്തിൽ 15 ദിവസമേ ടാപ്പിംഗ് നടക്കൂ.

105 ഇന മരങ്ങൾ ഔട്ട്

നഷ്ടത്തിലേക്കുള്ള കണക്കുകൾ കർഷകർ ഇങ്ങനെ നീളുന്നു. നേരത്തെ '105' ഇനത്തിൽപ്പെടുന്ന മരങ്ങളാണ് കൃഷിചെയ്തിരുന്നത്. ഇപ്പോർ '415', '430' തുടങ്ങിയ ഇനങ്ങളാണ് കൃഷി.'105' ഇനത്തിന് അഴുകൽ രോഗം കൂടുതലുള്ളതിനാൽ 15 ശതമാനം തൈകളും നശിച്ചുപോകും. വളർച്ച കൂടുതലുള്ള 430 ഇനത്തിൽപ്പെടുന്ന മരങ്ങൾ ഒടിഞ്ഞുപോകുന്നതായി കാണുന്നുണ്ട്. ഒരു തൈക്ക് 55മുതൽ 60രൂപവരെയാണ് വില. ഒരു മരത്തിൽനിന്ന് 25വർഷംവരെ ആദായമെടുക്കാം.യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളാണ് സാധാരണ റബറിന് ഇടുന്നത്. ഒരേക്കർ സ്ഥലത്ത് രണ്ട് ചാക്ക് വളം ഇടേണ്ടിവരും. വളത്തിന് മാത്രം നാലായിരത്തോളം രൂപ വേണ്ടിവരും. കൂലി ഇതിനു പുറമേയും നൽകും.ഇരുനൂറു രൂപയ്ക്കടുത്ത് വില ഉറപ്പായില്ലെങ്കിൽ റബർ കൃഷി ചരിത്രമാകാൻ അധിക കാലം വേണ്ട.

ടാപ്പിംഗ് നടത്താറില്ല

മെച്ചപ്പെട്ട റബർ വില ലഭിച്ചിരുന്ന കാലത്ത് മരത്തിൽ പ്ലാസ്റ്റിക്കും ഷെയ്ഡുമെല്ലാം ഇട്ട് മഴക്കാലത്തും ടാപ്പിംഗ് സജീവമായിരുന്നു. ഒരു മരത്തിന് ശരാശരി 60 രൂപയ്ക്ക് മുകളിൽ ചെലവ് വരുമെങ്കിലും ഒ​റ്റ ദിവസംപോലും ടാപ്പിംഗ് മുടക്കാറില്ല. വില ഇടിഞ്ഞതോടെ കഥ മാറി. ഭൂരിപക്ഷം തോട്ടങ്ങളിലും ഇന്ന് ടാപ്പിംഗ് നടത്തുന്നില്ല. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങൾ നിരവധിയാണ്.

പി.എൻ രേണുദാസ്, റബർ കർഷകൻ