dogs
ഉദയംപേരുർ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം,

ഉദയംപേരൂർ: ഉദയംപേരുർ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. എം.എൽ എ റോഡിൽ വ്യാപകമായി നായകൂട്ടങ്ങൾ അലഞ്ഞു തിരിയുന്നുണ്ട്. മാങ്കായിക്കടവ്, തേരേയ്ക്കൽ, പെരുംതൃക്കോവിൽ,മാർക്കറ്റ്, വെട്ടിക്കാപ്പിള്ളി,ആമേട, നടക്കാവ്, ആനന്ദദായിനി തുടങ്ങിയ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.പുലർച്ചെ പത്രം, പാൽ എന്നിവ വിതരണം ചെയ്യുന്നവരും പ്രഭാതസവാരിക്കാരും ,വിദ്യാർത്ഥികളുമെല്ലാംതെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.കഴിഞ്ഞ ദിവസം നടക്കാവ് ഭാഗത്ത് വച്ച് ഇതുവഴി നടന്നു പോകുകയായിരുന്ന ഒരാളെ തെരുവുനായക്കൂട്ടം ആക്രമിച്ചു. ഇതു കണ്ടു രക്ഷപ്പെടുത്താനെത്തിയ ആളെയും നായ കടിച്ചു.

പ്രധാന കാരണം മാലിന്യ നിക്ഷേപം


തെരുവു നായകൾ വർദ്ധിക്കുവാൻ പ്രധാന കാരണം വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപം മൂലമാണ്. റോഡുവക്കിൽ ഉപേക്ഷിക്കുന്ന മാലിന്യ കവറുകൾ നായക്കൂട്ടങ്ങൾ വലിച്ചു റോഡിലിടുന്നതും നിത്യസംഭവമാണ്. മാലിന്യം റോഡിൽ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടിയുണ്ടായാൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ കഴിയും. പകൽ സമയം ഒഴിഞ്ഞ പറമ്പുകളിൽ വിശ്രമിക്കുന്ന നായകൾ രാത്രിയാകുന്നതോടെ വീടുകളിലെത്തും. വളർത്തുമൃഗങ്ങൾക്കും ഇവ വലിയ ഭീഷണിയാണ്.