ഫോർട്ട് കൊച്ചി: ബീച്ച് പരിസരത്തെ മുഴുവൻ അനധികൃത കടകളും കൊച്ചി തഹസിൽദാറിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ഇന്നലെ രാവിലെ 8ന് തുടങ്ങിയ പൊളിക്കൽ നടപടികൾ ഉച്ചവരെ തുടർന്നു. ചെറിയ രീതിയിൽ പൊലീസും കടക്കാരും തമ്മിൽ സംഘർഷങ്ങൾ അരങ്ങേറി. എന്താൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരെ പൊളിക്കൽ നടപടിയിൽ നിന്നും ഒഴിവാക്കി. ബീച്ച് പരിസരത്തെ ലേല ഷെഡും പൊളിച്ചുനീക്കി. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് അധികാരികൾ അറിയിച്ചു.കൊച്ചി തഹസിൽദാർ എ.ജെ.തോമസ്, ജോൺസൺ, ഫോർട്ടുകൊച്ചി എസ്.ഐ.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോർട്ടുകൊച്ചിയിലെ കടക്കാരെ സ്ഥിരമായി നിലനിർത്തുന്നതിനായി കോർപ്പറേഷൻ വക സ്ഥലം കണ്ടെത്തണമെന്നാണ് ആവശ്യം.