sanchi
കഴിഞ്ഞദിവസം ബാങ്കിന്റെ പനങ്ങാട് ഹെഡ് ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വച്ച് മുൻമന്ത്രി കെ.ബാബു കീഴോത്ത് ബാഹുലേയന് ആദ്യസഞ്ചി നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

പനങ്ങാട്. പ്ളാസ്റ്റിക്ക് നിരോധനത്തെ മറികടക്കാൻ പനങ്ങാട് സഹകരണബാങ്ക് തുണിസഞ്ചിവിതരണം ചെയ്തു. 2000 തുണിസഞ്ചികൾ ആദ്യ തവണ വിതരണത്തിനെത്തിയത്. പ്ളാസ്റ്റിക്ക് നിരോധനം പ്രാബല്യത്തിൽ വരും മുമ്പ്തന്നെ കഴിഞ്ഞ വർഷം നടന്ന ബാങ്കിന്റെ പൊതുയോഗത്തിൽ മുതിർന്ന അംഗമായ കീഴോത്ത് ബാഹുലേയനാണ് പ്ളാസ്റ്റിക്ക് നിരോധിക്കുമ്പോൾ സഹകരണബാങ്ക് പകരം തുണിസഞ്ചി നിർമ്മിച്ചു തരണമെന്ന ആവശ്യം ഉന്നയിച്ചത്. ബാഹുലേയന്റെ ആവശ്യം പൊതുയോഗം അംഗീകരിച്ചു. പിന്നീട് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഈ തീരുമാനം അംഗീകരിച്ചു. കഴിഞ്ഞ ദിവസം ബാങ്കിന്റെ പനങ്ങാട് ഹെഡ് ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വച്ച് മുൻമന്ത്രി കെ.ബാബു കീഴോത്ത് ബാഹുലേയന് ആദ്യസഞ്ചി നൽകി ഉദ്ഘാടനം നിർവഹിച്ചു.

ജനങ്ങളിൽ പ്ളാസ്റ്റിക്ക് നിരോധനത്തക്കുറിച്ചും, പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം ഉണ്ടാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ പ്ളാസ്റ്റിക്ക് ഉപേക്ഷിക്കൂ ....പ്രകൃതിയെ സംരക്ഷിക്കൂ....എന്ന സന്ദേശവുമായാണ് തുണി സഞ്ചി വിതരണമെന്ന് പ്രസിഡന്റ് കെ.എം.ദേവദാസ് പറഞ്ഞു. അടുത്തഘട്ടം ഖാദിഗ്രാമോദ്യോഗഭവനുമായി ആലോചിച്ച് കൂടതൽ ഫലപ്രദമായരീതിയിൽ തുണിസഞ്ചി വിതരണത്തിന് ഒരുങ്ങുകയാണ് പനങ്ങാട് സഹകരണബാങ്ക്.

ചടങ്ങിൽ പ്രസിഡന്റ്കെ.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എ.പി.കുമാരൻ,ഡയറക്ടർമാരായ എൻ.പി.മുരളീധരൻ,ജോസ് വർക്കി,ഷീജ പ്രസാദ്,സെക്രട്ടറി പി.ആർ.ആശ,ഷെർളിജോർജ് എന്നിവർ പ്രസംഗിച്ചു.

ഒരു കുടംബത്തിന് ഒരുസഞ്ചി

ആരക്കുന്നത്തിനടുത്ത് ശാസ്ത്രസാഹിത്യപരിഷത്തിന്റ സഹകരണത്തിൽ നടത്തുന്ന സ്ഥാപനമാണ് തുണി സഞ്ചി നിർമ്മിച്ചു നൽകിയത്. ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി സഞ്ചിയുടെ നിർമ്മാണചിലവ് 25 രൂപയോളം വരുമെങ്കിലും സൗജന്യമായാണ് നൽകുന്നത്. റേഷൻ കാർഡുമായി വരുന്ന പഞ്ചായത്ത് നിവാസികൾക്ക് ഒരു കുടംബത്തിന് ഒരു സഞ്ചി എന്ന നിലയിൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും,മാടവന,കുമ്പളം ബ്രാഞ്ചുകളിൽ നിന്നും ലഭിക്കും.