കൊച്ചി: തൃപ്പൂണിത്തുറ-ഉദയംപേരൂർ റോഡിന്റെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടി. റോഡിന്റെ ദയനീയാവസ്ഥ സംബന്ധിച്ച മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സിംഗിൾബെഞ്ച് റിപ്പോർട്ട് തേടിയത്. കൊച്ചി നഗരത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ ഹർജികൾ ഫെബ്രുവരി 17 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. തൃപ്പൂണിത്തുറ - ഉദയംപേരൂർ റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ഇതിനൊപ്പം പരിഗണിക്കാൻ സമർപ്പിക്കണമെന്നാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.