ആലുവ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടും ആലുവ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് നഗരസഭ മാലിന്യം നീക്കാത്തതിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്ളക്കാർഡുകളുമായെത്തി. അടുത്തിടെ ചൈനയിൽ നിന്നും വന്ന നൊച്ചിമ സ്വദേശിയും കടുങ്ങല്ലൂർ സ്വദേശികളുമെല്ലാം കൊറോണ നിരീക്ഷണത്തിലായ പശ്ചാത്തലത്തിലാണ് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിലും ആശുപത്രിക്ക് പിന്നിലെ പൈപ്പുലൈൻ റോഡിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. നഗരസഭയുടെ ഡമ്പിംഗ്‌യാർഡിന് സമാനമായ സാഹചര്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശിവരാത്രി അജണ്ടയുമായി ബന്ധപ്പെട്ട് വിളിച്ച കൗൺസിൽ യോഗമായതിനാലാണ് ഇറങ്ങിപ്പോക്ക് ഉൾപ്പെടെയുള്ള പ്രതിഷേധം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു.
അടിയന്തരമായി മാലിന്യം നീക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം കൗൺസിലിൽ വ്യക്തമാക്കി. സ്വകാര്യവ്യക്തികളെ സഹായിക്കുന്നതിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തത് സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകിയതായും പ്രതിപക്ഷം അറിയിച്ചു.
പ്രതിപക്ഷനേതാവിന് പുറമെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലോലിത ശിവദാസ്, ഓമന ഹരി, കൗൺസിലർമാരായ മനോജ് ജി. കൃഷ്ണൻ, ശ്യാം പത്മനാഭൻ, ഷൈജി രാമചന്ദ്രൻ, മിനി ബൈജു, സാജിത സഗീർ, പി.സി. ആന്റണി എന്നിവരാണ് പ്ളക്കാർഡുകളുമായെത്തിയത്.