ആലുവ: ചാലക്കുടിയിൽ നടന്ന മുനിസിപ്പാലിറ്റി ക്രിക്കറ്റ് ലീഗിൽ കീരീടം ചൂടിയ ആലുവ യുണെെറ്റഡ് ടീമിന് നഗരസഭാ ജീവനക്കാർ സ്വീകരണം നൽകി. ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ബഹിഷ്‌കരിച്ചതോടെയാണ് ജീവനക്കാർ മുന്നിട്ടിറങ്ങി സ്വീകരണം നൽകിയത്.
കുന്നംകുളം, ഗുരുവായൂർ, വടക്കഞ്ചേരി, ഇരിങ്ങാലക്കുട എന്നീ ടീമുകളെ പരാജയപെടുത്തിയാണ് ആലുവ യുണൈറ്റഡ് കിരീടം ചൂടിയത്.
ആലുവയുടെ അജിതിനെ ടൂർണമെന്റിലെ ഏറ്റവും നല്ല ബാറ്‌സ്‌മാനായും പ്ലെയറായും തിരഞ്ഞെടുത്തു. ആലുവയുടെ എമിൽ ജോർജ് ഫൈനലിലെ നല്ല കളിക്കാരനുള്ള പുരസ്‌കാരവും നേടി. നഗരസഭയുടെ പൂമുഖത്ത് നടത്തിയ ചടങ്ങിൽ ലഡു വിതരണവും ഉണ്ടായിരുന്നു. ചാലക്കുടി നഗരസഭയിലെ സെക്രട്ടറി ആലുവയിലേക്ക് മാറി വന്നതോടെയാണ് നഗരസഭകൾ തമ്മിൽ ക്രിക്കറ്റ് മത്സരം നടക്കുന്ന വിവരം ജീവനക്കാർ അറിഞ്ഞത്.
എന്നാൽ നഗരസഭ കൗൺസിലിനെ അറിയിക്കാതെ പേര് രജിസ്റ്റർ ചെയ്തുവെന്ന പേരിൽ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ നിസ്സഹകരിക്കാൻ തീരുമാനിച്ചു. ജേഴ്‌സി പ്രകാശനം പ്രതിപക്ഷം തടയുകയും ചെയ്തു. സ്വതന്ത്ര കൗൺസിലറായ സെബി വി. ബാസ്റ്റ്യൻ മാത്രമാണ് ടീമിൽ ഉണ്ടായിരുന്നത്. ബാക്കിയെല്ലാവരും ജീവനക്കാരായിരുന്നു. ഭരണ, പ്രതിപക്ഷം നിസ്സഹകരിച്ചെങ്കിലും നഗരസഭ ജീവനക്കാരുടെ മധുര പ്രതികാരം കൂടിയായി കീരീടനേട്ടം.