കൊച്ചി: റെക്കാഡുകൾ തിരുത്തികൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. തൈക്കൂടം പാത തുറന്ന ശേഷം മെട്രോ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് ഇരട്ടിയോളം വർദ്ധന. ടിക്കറ്റ് നിരക്കിൽ ഇളവുള്ള വൺകാർഡിൽ 73000 പേർ പതിവായി യാത്രചെയ്യുന്നുണ്ട്. ആകെ യാത്രികരുടെ 29 ശതമാനം മെട്രോയെ കൂടുതൽപ്പേരുടെ യാത്രാമാർഗമായി മാറ്റുന്നതിന്റെ ഭാഗമായി പത്തുവയസിന് മേലെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് മൈനർ കാർഡും ഗ്രൂപ്പ് ബുക്കിംഗ് ആനുകൂല്യങ്ങളും ഏർപ്പെടുത്താൻ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) തീരുമാനിച്ചിട്ടുണ്ട്.
# റെക്കാഡ് തകർത്ത് ഡിസംബർ
കഴിഞ്ഞ വർഷത്തെ അവസാന അഞ്ചുമാസം മുൻവർഷത്തെ അതേ കാലയളവിലുണ്ടായിരുന്നതിലും ഇരട്ടി എണ്ണം യാത്രക്കാർ മെട്രോയെ ആശ്രയിച്ചു. 2019 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം സർവകാല റെക്കാഡിലേക്ക് ഉയർന്ന് 21,08,108 ആയി. 2018 ഡിസംബറിൽ ഇത് 12,48,874 ആയിരുന്നു. ഈ വർഷം ജനുവരിയിൽ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20,74,430 ആണ്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന പരിഗണിച്ച് തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറച്ചു.
യാത്രാ സംഘങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകി ഗ്രൂപ്പ് ബുക്കിംഗ് ആരംഭിക്കാനും കെ.എം.ആർ.എൽ ആലോചിക്കുന്നു. ഏഴ്‌പേരിൽ അധികമുള്ള സംഘങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. സ്കൂൾ വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ വൺകാർഡ് ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽപ്പേർ മെട്രോയിലേക്ക് ആകർഷിക്കപ്പെടുമെന്ന് കെഎംആർഎൽ കരുതുന്നു.