bridge
സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്ന ആലുവ തുരുത്ത് റെയിൽവേ പാലം

# പൊലീസും ആർ.പി.എഫും തിരിഞ്ഞുനോക്കുന്നില്ല

# പെരിയാർ തീരത്തുകൂടെ രക്ഷപെടാൻ സൗകര്യം

# അക്രമികളിൽ ഇതരസംസ്ഥാനക്കാരും മലയാളികളും

ആലുവ: തുരുത്ത് ഭാഗത്തേക്കുള്ളവർ ഇപ്പോൾ ഏറെ ഭയപ്പാടോടെയാണ് റെയിൽവേപ്പാലത്തിന് സമീപമുള്ള തുരുത്ത് നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പറയാനുമില്ല. റെയിൽവേ പൊലീസും ആർ.പി.എഫും ഉറക്കം നടിക്കുമ്പോൾ തുരുത്ത് റെയിൽവെ പാലത്തിന് സമീപം പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരും വില്പനക്കാരും അനാശാസ്യക്കാരുമെല്ലാം ഇവിടെയാണ് തമ്പടിക്കുന്നത്. ടൗൺഹാൾ മേല്പാലത്തിന് താഴെമുതൽ ഇത്തരക്കാരുടെ സങ്കേതമാണ്. പൊലീസുകാരെത്തിയാൽ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഓടിയിറങ്ങി പെരിയാർ തീരത്തുകൂടെ രക്ഷപെടാമെന്നതാണ് സൗകര്യം.

# പിടിമുറുക്കി സാമൂഹ്യവിരുദ്ധർ

തുരുത്ത് ഭാഗത്തേക്കുള്ള കാൽനടക്കാരിൽ ഭൂരിഭാഗവും ടൗൺഹാളിനോട് ചേർന്ന റോഡിലൂടെയാണ് തുരുത്ത് നടപ്പാലത്തിലെത്തുന്നത്. പൊലീസും ആർ.പി.എഫുകാരുമൊന്നും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തത് സാമൂഹ്യവിരുദ്ധർക്ക് സൗകര്യമാണ്. ഇതരസംസ്ഥാനക്കാർക്കൊപ്പം മലയാളികളും സംഘത്തിലുണ്ട്. ഇവിടെ രണ്ടുവർഷം മുമ്പ് ഇവിടെ ഒരു ട്രാൻസ്‌ജെൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ലഹരി പദാർത്ഥങ്ങളുടെ വില്പനക്കാരും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്.

# ട്രെയിനുകൾ വേഗതകുറയ്ക്കുന്നത് മുതലെടുക്കുന്നു

പെരിയാറിന് കുറുകെയുള്ള പാലമുള്ളതിനാൽ ഈ ഭാഗത്ത് ട്രെയിനുകൾ വേഗത കുറയ്ക്കുന്നത് മുതലെടുത്ത് ട്രെയിൻ യാത്രക്കാരെയും സംഘം കൊള്ളയടിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം എറണാകുളം - ഓഖ എക്‌സ് പ്രസിലെ യാത്രക്കാരനെ മരക്കഷണത്തിന് അടിച്ച് മൊബൈൽഫോൺ തട്ടിയെടുത്തിരുന്നു. എറണാകുളത്ത് ഹാർബർ റോഡിൽ കാന്റീൻ നടത്തുന്ന തിരൂർ സ്വദേശി സക്കീറിന്റെ രണ്ടാഴ്ച മുമ്പ് വാങ്ങിയ വിലകൂടിയ ഫോൺ ആണ് നഷ്ടമായത്. ട്രെയിനിന്റെ വാതിലിനോട് ചേർന്ന് നിന്ന് ഫോൺ ചെയ്യുകയായിരുന്ന സക്കീറിനെ പാളത്തിന് സമീപംനിന്ന സംഘം തുണി ചുറ്റിയ മരപ്പട്ടികകൊണ്ട് ആഞ്ഞുതട്ടുകയായിരുന്നു. തെറിച്ച് താഴെ വീണ ഫോൺ അക്രമികൾ കൈക്കലാക്കി ഓരി രക്ഷപെടുകയായിരുന്നു. ട്രെയിൻ ഓടിക്കൊണ്ടിരുന്നതിനാൽ സക്കീറിനോ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ട്രെയിനിൽ ബഹളം വച്ചാൽ പുറത്ത് കേൾക്കാൻ പോലും ആളില്ലാത്ത സാഹചര്യമാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്.

# പട്രോളിംഗ് ശക്തമാക്കണം

ഇവിടെ രാത്രിയും പകലും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.