കൊച്ചി: ''തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങൾ സഹിതം പരാതി നൽകി. ഇപ്പോൾ, 10-12 ദിവസം പിന്നിട്ടു. മൊഴി രേഖപ്പെടുത്താനോ എഫ്.ഐ.ആർ രേഖപ്പെടുത്താനോ പൊലീസ് തയ്യാറായിട്ടില്ല. സ്ത്രീകൾ നൽകുന്ന പരാതിയിൽ ഉടൻ തന്നെ പരിശോധിച്ച് കേസ് എടുക്കണമെന്നാണല്ലോ? ഇതെല്ലാം, പറച്ചിലിൽ മാത്രമേയുള്ളൂ. എനിക്ക് ഒരു കാര്യം മനസിലായി. ഈ പൊലീസിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. രണ്ട് ദിവസം കൂടി കാത്തിരിക്കും. ഇതേ അവസ്ഥയാണെങ്കിൽ കോടതിയെ സമീപിക്കും''. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെ കടന്നുചെന്ന് പ്രതിഷേധിച്ച സ്ത്രീയാണെന്ന തരത്തിൽ ഫേസ്ബുക്കിൽ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഇരയായ വൈപ്പിൻ സ്വദേശിനി ക്രിസ്റ്റി എവേർട്ടിന്റെ വാക്കുകളാണിത്.. അതേക്കുറിച്ചടക്കം ക്രിസ്റ്റി 'ഫ്ലാഷി'നോട് സംസാരിക്കുന്നു.
അത് ഞാൻ അല്ല, പിന്മാറുകയുമില്ല !
ജനുവരി 24. അന്നാണ് എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമം സംബന്ധിച്ച് നടന്ന പരിപാടിക്കിടെ ഒരു യുവതി പ്രതിഷേധിക്കുകയും സംഭവം വിവാദമാകുകയും ചെയ്തത്. എന്നാൽ, പരിപാടിയിൽ പ്രതിഷേധിച്ച യുവതി താൻ ആണെന്ന് ധരിച്ച് മോശപ്പെട്ട രീതിയിൽ പലരും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പ്രതിഷേധിച്ച യുവതി നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തു. പക്ഷേ, വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത് തന്റെ ചിത്രമാണെന്നും, ആരോപണം വസ്തുതാ വിരുദ്ധമാണെന്നും കാട്ടി തൊട്ടടുത്ത ദിവസം ഡി.സി.പിക്ക് ഓൺലൈൻ വഴി പരാതി നൽകി. എന്നാൽ, ഇതുവരെ പരാതിയിൻമേൽ യാതൊരു നടപടിയും പൊലീസ് എടുത്തിട്ടില്ല. അന്വേഷിച്ചപ്പോൾ കൊച്ചി നോർത്ത് പൊലീസിന് പരാതി കൈമാറിയെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം, ഒരു ഉദ്യോഗസ്ഥ എന്റെ വീട്ടിൽ വന്നിരുന്നു. മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത് ശരിയാണോ എന്ന് തിരക്കാനാണത്രേ എത്തിയത്. കാര്യങ്ങളൊക്കെ ചോദിച്ച് പോയി. നടപടി ഉണ്ടായില്ല. തന്റെ നിരപരാധിത്വം തെളിയിക്കണം. രണ്ടുദിവസം ഇതിനായി കാത്തിരിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും. കോടതി നിർദ്ദേശിച്ചാൽ പൊലീസിന് കേസ് എടുക്കാതിരിക്കാൻ കഴിയില്ലല്ലോ? എന്തായാലും കേസിൽ നിന്നും പിൻമാറില്ല. പിൻമാറ്റാനായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തുണ്ട്. നീതി നടപ്പാകണം. എനിക്ക് ഒരു രാഷ്ട്രിയ പാർട്ടികളുമായി ബന്ധമില്ല.
ചതിച്ചതാണ്, ആ കേസിൽ അനക്കമില്ല
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, കുത്തിയിരുന്നുള്ള ചാറ്റിംഗ് ഒന്നുമില്ല. ഫോട്ടോകളും പോസ്റ്റുകളും ഇടുമായിരുന്നു. ഒമ്പത് മാസം മുമ്പ് ഫേസ്ബുക്കിൽ ഒരു യുവാവ് എനിക്ക് മെസേജ് ചെയ്തു. തീർത്തും മോശമായ മെസേജ്. ഞാൻ അത് സ്‌ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം തേവര പൊലീസിൽ പരാതിയും നൽകി. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മെസേജ് ചെയ്തയാൾ അപ്പോഴേക്കും അമേരിക്കയിലേക്ക് കടന്നിരുന്നു. ആ കേസിൽ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. ഏതാനും മാസത്തിന് ശേഷം മകന്റെ വാട്‌സ്ആപ്പിലേക്ക് മെസേജുകൾ എത്താൻ തുടങ്ങി. അദ്യം ഒരു നമ്പറിൽ നിന്നായിരുന്നു മെസേജുകൾ വന്നിരുന്നത്. പിന്നീട്, കൂടുതൽ നമ്പറുകളിൽ നിന്നും മെസേജുകളും കാളുകളും എത്താൻ തുടങ്ങി. വയ്യാത്ത മകന്റെ ഫോണാണെന്നും നിങ്ങൾ പറയുന്ന ആളല്ലെന്നും പറഞ്ഞെങ്കിലും വിളി തുടർന്നു. അങ്ങനെ, ശല്യം സഹിക്കാതെയായപ്പോൾ ഒരു ഫോൺ കോളിന് മറുപടിയായി ചില കാര്യങ്ങൾ പറഞ്ഞു. അത് പിന്നീട് താൻ ഭീഷണിപ്പെടുത്തിയെന്നും സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പ്രചരിപ്പിക്കുകയുമായിരുന്നു. ഫേസ്ബുക്കിൽ മോശം മെസേജ് ഇട്ടയാളാണ് ഇതിന് പിന്നിലെന്നും മനസിലായി. ഇയാൾ ലോക്കാന്റോ സൈറ്ര് വഴി നമ്പർ പ്രചരിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി പുരോഗതിയോ അറസ്റ്റോ ഇതുവരെ ഉണ്ടായിട്ടില്ല.
മുടിമുറിച്ചു, ജോലി ഉപേക്ഷിച്ചു
താരതമേന്യ സാമ്പത്തികമുള്ള കുടുംബത്തിലായിരുന്നു ജനിച്ചത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ കുടുംബം വരെ ഉപേക്ഷിച്ചു. എന്നാൽ, ഈ ദാമ്പത്യം ഏതാനും വർഷം മുമ്പ് തകർന്നു. സ്വന്തമായി ജോലി ചെയ്താണ് കഴിയുന്നത്. ഭർത്താവുമായി അകന്നതോടെ, പശ്ചിമകൊച്ചിയിൽ ഒരു വീട് വാടയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. മകൻ പശ്ചിമകൊച്ചിയിൽ പഠിക്കുന്നതിനാലാണ് ഇവിടെ തന്നെ വീട് വാടകയ്ക്ക് എടുത്തത്. എന്നാൽ, ഇതിനിടെയാണ് ഫോൺകോളുകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചത്. പലരും സംശയത്തോടെ നോക്കാനും സംസാരിക്കാനും തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇതോടെ, കുറെ നാൾ വീട്ടിൽ തന്നെ കഴിഞ്ഞു. തിരിച്ചറിയാതിരിക്കാൻ മുടി മുറിച്ചു. ഒരു വിധം പ്രതിസന്ധികളെ മറികടന്നു. പുതിയ ജോലി തരപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പഴയ കേസ് വീണ്ടും കുത്തിപ്പൊക്കി ആളുകൾ വീണ്ടും എത്തിയത്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോയതിനാലാകണം പ്രതികരിക്കാനുള്ള കരുത്ത് കിട്ടിയപോലെയായി. ഞാൻ നിരപരാധിയാണ്. സത്യാവസ്ഥ സമൂഹം അറിയണമെന്നാണ് ആഗ്രഹം.