കൊച്ചി: പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞാൽ കാൻസർ ഉൾപ്പെടെ ഏതു രോഗത്തെയും അതിജീവിക്കാൻ കഴിയുമെന്ന് സിനിമാനടൻ ഇന്നസെന്റ് പറഞ്ഞു. കാൻസർ ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിലർക്ക് മാത്രമായി വരുന്നതല്ല രോഗങ്ങൾ. രോഗങ്ങളെ മറികടക്കാൻ കഴിയുകയാണ് പ്രധാനം. കാൻസർ രോഗം മറച്ചുവയ്ക്കേണ്ടതല്ല. തുറന്ന് പറയുക തന്നെ വേണം. രോഗം മാറാൻ മരുന്നും പ്രാർത്ഥനയും വേണം. ജീവിതത്തിൽ എല്ലാ കാര്യങ്ങളെയും നർമ്മബോധത്തോടെ കാണാൻ കഴിഞ്ഞാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വേദനകളെ തരണം ചെയ്യാൻ തന്നെ സഹായിച്ചത് നർമ്മബോധമാണ്. രോഗമാണെന്ന് അറിഞ്ഞപ്പോൾ ദു:ഖത്തോടെ മുന്നിൽ വരരുതെന്നാണ് താൻ കുടുംബാംഗങ്ങളോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി ചേർന്ന് നടത്തുന്ന കാൻസർ ബോധവത്കരണ പരിപാടിയായ സാരഥിയുടെ തീമിന്റെ പ്രകാശനം ആശുപത്രി മെഡിക്കൽ ഓങ്കോളജി വകുപ്പ് മേധാവി ഡോ. ജയശങ്കർ പി. നിർവഹിച്ചു. സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ.സന്ദീപ് സുരേഷ് ബോധവത്കരണം നൽകി.