കൊച്ചി: തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ വ്യാവസായിക പരിശീലനവകുപ്പും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് കേരള 2020 യുടെ മേഖലാ മത്സരങ്ങളുടെ അവസാന ഇനങ്ങളായ കേശാലങ്കാരം, ബ്യൂട്ടി തെറാപ്പി, എന്നിവ കൊച്ചിയിൽ ആരംഭിച്ചു. വിദേശത്തും സ്വദേശത്തും തൊഴിൽ സാദ്ധ്യതയുള്ള കേശാലങ്കാരത്തിനും ബ്യൂട്ടി തെറാപ്പിക്കും മൂന്ന് മേഖലകളിലെ മത്സരങ്ങളും കൊച്ചിയിലാണ് നടക്കുന്നത്.

ബ്യൂട്ടി തെറാപ്പിയിൽ വിവിധ മോഡ്യൂളുകളിലായാണ് മത്സരങ്ങൾ. ഫേഷ്യൽ ട്രീറ്റ്‌മെൻറ്, മാനിക്യൂർ നെയിൽ ആർട്ട്, സിംപിൾ പാർട്ടി മേക്കപ്പ് എന്നിവയിലാണ് മത്സരങ്ങൾ.

മേഖലാ മത്സരങ്ങളിലെ വിജയികൾ 22,23,24 തീയതികളിൽ കോഴിക്കോട്ട് സ്വപ്നനഗരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം. സംസ്ഥാന മത്സരങ്ങൾ കടന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മുന്നിലെത്തുന്നവർക്ക് ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് മേളയിലും പങ്കെടുക്കാം. ഇന്ത്യ സ്‌കിൽസ് കേരളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും ഫൈനലിൽ എത്തുന്നവർക്ക് പതിനായിരം രൂപയും ലഭിക്കും.