pattimattam-road
പൊടി ശല്ല്യം മൂലം പടുതയിട്ട് മറച്ച പട്ടിമറ്റം പത്താം മൈൽ റോഡിലെ വീടുകൾ

കോലഞ്ചേരി: പൊടിയടിച്ചു മടുത്തു, രാഷ്ട്രീയ പിൻബലമില്ലാതെ നാട്ടുകാർ സമരത്തിനിറങ്ങുന്നു. പട്ടിമറ്റം പത്താം മൈൽ റോഡരുകിൽ താമസിക്കുന്നവരാണ് പ്രത്യക്ഷ സമര പരിപാടികളുടെ ഭാഗമായി നാളെ വഴി തടയൽ സമരവുമായി രംഗത്തെത്തുന്നത്. നിരവധി പരാതികൾ ജനപ്രതിനിധികൾ വഴി നൽകി. എം.എൽ.എയെ കണ്ട് സംസാരിച്ചു. ഒരാഴ്ചക്കുള്ളിൽ പണി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും പണി തുടങ്ങാൻ കരാറുകാരൻ തയ്യാറായിട്ടില്ല.

രാഷ്ട്രീയ പിൻബലമില്ലാതെസമരത്തിലേക്ക്

രണ്ട് വർഷമായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താൻ ജന പ്രതിനിധികൾക്കോ, രാഷ്ട്രീയ സംഘടനകൾക്കോ കഴിയില്ലെന്ന തിരിച്ചറിവിലാണ് സമരത്തിനിറങ്ങാൻ ഓരോ വീട്ടുകാരും തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് ഗ്രാമ സഭയിൽ ഇവർ ഈ പ്രശ്നം ഉന്നയിച്ചു. തുടർന്നാണ് സമരം വേണമെന്ന തീരുമാനത്തിലെത്തിയത്.

പൊടി ശല്ല്യം രൂക്ഷം

പരാതി കൊടുത്ത ശേഷം ,കഴിഞ്ഞ ദിവസം രാത്രി കുഴികളിൽ മെ​റ്റലും കരിങ്കൽ പൊടിയും ഇട്ടതോടെ പൊടിയും മണ്ണും റോഡിന്റെ ഇരുവശവും ഉള്ള വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. വീട് പടുതയിട്ട് മറച്ചാണ് താമസം. പൊടി ശല്ല്യം കൂടിയതോടെ കുട്ടികൾക്ക് ശ്വാസതടസവും ചുമയും അലർജിയും പിടിപെട്ടു. മുറിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. പൊടി നിറഞ്ഞ് ഭക്ഷണം വരെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.

മുന്നറിയിപ്പില്ലാതെ പണി നിർത്തി

റോഡരുകിലുള്ള മരങ്ങൾ വെട്ടി മാറ്റാനും, ഇലക്ട്രിക് പോസ്റ്റ് മാറ്റാനുമുൾപ്പടെ പ്രാഥമികമായി തീർക്കേണ്ട ഒരു പാട് പണികൾ ഇപ്പോഴും തീർത്തിട്ടില്ല. അതിനിടയിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ കരാറുകാരൻ പണി നിർത്തി വച്ചത്. അതിനിടെ ജനുവരി 28 ന് നിലവിലുള്ള കരാറിന്റെ സമയ പരിധി അവസാനിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിൽ കരാർ സമയം ദീർഘിപ്പിച്ച് ലഭിക്കാൻ നിലവിലുള്ള കരാറുകാരൻ അപേക്ഷ നല്കയിട്ടുണ്ട്. സമയം ദീർഘിപ്പിച്ച് ലഭിച്ചാൽ ഉടൻ പണി തുടങ്ങുമെന്നാണ് സൂചന.

പട്ടിമറ്റം പത്താം മൈൽ റോഡ് പ്രവർത്തനം