നെടുമ്പാശേരി: ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ സി.എൻ. മോഹനൻ രാജിസമർപ്പിച്ചതിന് പിന്നിൽ ഭരണപക്ഷത്തെ ഭിന്നത. മുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ സി.പി.എമ്മിലും സി.പി.ഐയിലും നിലനിൽക്കുന്ന ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് രാജിയെന്നാണ് അണിയറ സംസാരം. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഇടതുമുന്നണിക്ക് 11സീറ്റും പ്രതിപക്ഷമായ കോൺഗ്രസിന് ഏഴ് സീറ്റുമാണുള്ളത്. സി.പി.എമ്മിലെ എട്ട് അംഗങ്ങളിൽ ഒരാളും സി.പി.ഐയുടെ മൂന്നിൽ രണ്ടുപേരും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവരുടെ സസ്‌പെൻഷൻ വിഷയം അടിയന്തരയോഗം വിളിച്ച് ചർച്ചചെയ്യാൻ കത്ത് നൽകുകയായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാകില്ലെന്നും യോഗം പിരിച്ചുവിട്ടതായും പ്രഖ്യാപിച്ച് പ്രസിഡന്റ് റീന രാജൻ, വൈസ് പ്രസിഡന്റ് സി.എൻ. മോഹനൻ ഉൾപ്പെടെ ഭരണപക്ഷത്തെ അനുകൂലിക്കുന്ന എട്ടുപേരും യോഗത്തിൽ നിന്നിറങ്ങിപ്പോയി. പിന്നീട് പ്രതിപക്ഷം സെബാസ്റ്റ്യൻ വാഴക്കാലയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഡ്രൈവറുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനമെടുത്തു. ഈ സാഹചര്യത്തിലാണ് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വൈസ് പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പ്രസിഡന്റ് രാജിവയ്ക്കാതെ വൈസ് പ്രസിഡന്റ് മാത്രം രാജിവച്ചതാണ് ഭരണപക്ഷത്തെ ഗ്രൂപ്പ് പോരാണ് രാജിക്ക് യഥാർത്ഥ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഡ്രൈവറെ പുറത്താക്കിയത് തുടക്കം

സി.പി.എമ്മിലെ പടലപ്പിണക്കങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ താത്കാലിക ഡ്രൈവറും പാറക്കടവ് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്ന ബിജുവിനെയും സി.പി.എമ്മിന്റെ ഒരു പഞ്ചായത്ത് അംഗത്തെയും പുറത്താക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ബിജുവിനെതിരായ നടപടി. ബിജുവിനെ പിന്തുണച്ചതിനാണ് പഞ്ചായത്ത് അംഗത്തെ പുറത്താക്കിയത്. ഇതിന്റെയെല്ലാം തുടർച്ചയായി ഡ്രൈവർ സ്ഥാനത്ത് നിന്നും പിരിച്ചുവിടാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ സഹായത്തോടെ നേരത്തെ ബിജു തടഞ്ഞു. തുടർന്ന് ഭരണപക്ഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശത്തോടെ സസ്‌പെൻഷൻ നടപ്പാക്കിയതിനെ തുടർന്നാണ് പ്രതിപക്ഷം അടിയന്തര കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്.