കൊച്ചി: ആയുർവേദ നേത്രചികിത്സകനും ശ്രീധരീയം ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. എൻ.പി.പി. നമ്പൂതിരിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുനേത്ര സമ്മേളനം ഫെബ്രുവരി 7ന് കൂത്താട്ടുകുളത്തെ ശ്രീധരീയം ആസ്ഥാനത്ത് ആരംഭിക്കും.
അന്ന് ത്രിദിന ഗ്ലാക്കോമ ശില്പശാലയും ആരംഭിക്കുമെന്ന് ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രീജിത് പി. നമ്പൂതിരി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുശ്രീ, റിസർച്ച് കോ ഓഡിനേറ്റർ ഡോ. എസ് കൃഷ്‌ണേന്ദു എന്നിവർ അറിയിച്ചു.
രാവിലെ 11 ന് സെന്റർ ഫോർ എക്‌സലൻസ് മന്ദിരത്തിൽ സമ്മേളനം ആരംഭിക്കും. നേത്രരോഗവിദഗ്ദ്ധയും സർജനുമായ ഡോ. പി.കെ. ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് സ്വാഗതം പറയും.
വൈകിട്ട് മൂന്നിന് അനുസ്മരണ സമ്മേളനവും വൈദ്യസഭയും ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി സ്വാഗതം പറയും.
3.30 ന് ആരംഭിക്കുന്ന വൈദ്യസഭയിൽ പ്രമുഖ ആയുർവേദ ഡോക്ടർമാർ പ്രസംഗിക്കും. ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി നന്ദി പറയും.