kumaramagalam-temple-
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും മേൽശാന്തി എ.കെ. ജോഷി ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.

# ഇന്ന് ഗുരുദേവ വിഗ്രഹപ്രതിഷ്ഠ

പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടേയും മേൽശാന്തി എ.കെ. ജോഷി ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ എട്ടരയ്ക്ക് കലശപൂജ, പതിനൊന്നിന് ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നി‌ർവഹിക്കും.പതിനൊന്നരയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് ആറിന് യോഗാപ്രദർശനം, രാത്രി എട്ടിന് പറവൂത്തറ ഡോ. പല്പുസ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ താലം എഴുന്നള്ളിപ്പ്, തുടർന്ന് മംഗല്യത്താലസമർപ്പണവും ആരാധനയും. രാത്രി എട്ടരയ്ക്ക് ഭക്തജനസമിതിയുടെ നേതൃത്വത്തിൽ കാവടിയാട്ടം.

പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം തുരുത്തിപ്പുറത്തുള്ള ശില്പി സജീവ് സിദ്ധാർത്ഥന്റെ വസതിയിൽ നിന്ന് ക്ഷേത്രം സെക്രട്ടറി എം.കെ. സജീവ്, പ്രസിഡന്റ് എൻ.പി. ബോസ്, ടൗൺ എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി ടി.എസ്. ജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ നടന്ന ഘോഷയാത്രയ്ക്ക് ഈഴവസമാജം ഷോപ്പിംഗ് കോംപ്ളക്സിൽ സമാജം ഭാരവാഹികളും ചേന്ദമംഗലം കവലയിൽ ടൗൺ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളും ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം നൽകി. കുമാരമംഗലം ബസ് സ്റ്റോപ്പിനു സമീപത്തു നിന്ന് വാദ്യമേളങ്ങളുടെയും പൂത്താലത്തിന്റെയും അകമ്പടിയിൽ പറവൂത്തറ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ എത്തിച്ചു.