 എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ വെടിക്കെട്ട് : കളക്ടർ തീരുമാനമെടുക്കണം

കൊച്ചി : വെടിക്കെട്ടിന് അനുമതി തേടിയുള്ള അപേക്ഷകളിൽ അധികൃതർ തീരുമാനമെടുക്കാതെ കോടതികളിലേക്ക് തള്ളി വിടുന്ന പ്രവണത ആശാസ്യമല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. . എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്ര ക്ഷേമ സമിതിസെക്രട്ടറി​ എ. ബാലഗോപാലൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമയബന്ധിതമായി തീരുമാനമെടുക്കാൻ ജില്ലാ അധികൃതർക്ക് ബാദ്ധ്യതയുണ്ടായിട്ടും അതു ചെയ്യാത്തത് ശരിയായ രീതിയല്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.ആചാരപരമായ വെടിക്കെട്ടിന് അനുമതി തേടി കഴിഞ്ഞ ഡിസംബർ ഏഴിന് എറണാകുളം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറഞ്ഞു.ഇന്നലെത്തന്നെ കളക്ടർ അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിന് വലിയ വിളക്കിനോടനുബന്ധിച്ചുള്ള പകൽപൂരത്തിനുശേഷവും ഫെബ്രു. ഏഴിന് ആറാട്ടിനോടനുബന്ധിച്ചും വെടിക്കെട്ട് നടത്താറുണ്ട്. ഭക്തരുടെ സുരക്ഷയും ക്ഷേത്രത്തിന് സമീപത്തെ കെട്ടിടങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തി വെടിക്കെട്ട് നടത്താമെന്നും അനുമതി നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വിഷയം ദേവസ്വം ബെഞ്ചിന് കൈമാറുകയായിരുന്നു.