കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. സഭയിലെ വിവിധ രൂപതകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളുടെ വെളിച്ചത്തിലാണ് മതാന്തരപ്രണയങ്ങളെക്കുറിച്ച് സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് സഭാ വക്താവ് പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് സിനഡിന്റെ പൊതുകാര്യ കമ്മിഷൻ വിശകലനം ചെയ്തു. മുമ്പ് വ്യക്തമാക്കിയതുപോലെ ഇസ്ലാം മതവുമായി നിലനിൽക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്.
സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയിൽ അവതരിപ്പിച്ച് മതവിദ്വേഷം വളർത്തുന്നതിനുള്ള നീക്കങ്ങൾ ചില തലങ്ങളിൽ നടക്കുന്നുണ്ടെന്ന് പൊതുകാര്യ കമ്മീഷൻ വിലയിരുത്തി. അത്തരം നീക്കങ്ങളോട് സഭ വിയോജിക്കുന്നു. വിഷയം സജീവമാക്കി നിറുത്തി മതസാഹോദര്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണം.