കൊച്ചി: മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച് സി.എം.എഫ്.ആർ.ഐ ഒരുക്കിയ കമ്മലുകൾ കാണാൻ നാരീമണികളുടെ തിരക്ക്. ആഴക്കടലിന്റെ അറിയാകാഴ്ചകൾ പ്രദർശിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഒരുക്കിയ പ്രദർശനത്തിൽ ഹിറ്റായത് മീൻകമ്മലുകളാണ്.
ഭൂരിഭാഗം മീനുകൾക്കും ചെവിക്കല്ലുണ്ടെങ്കിലും പത്തോളം മീനുകളുടേത് മാത്രമാണ് ആഭരണങ്ങൾ നിർമ്മിക്കാൻ അനുയോജ്യം. ഇവ വെള്ളിയിൽ പതിപ്പിച്ചാണ് കമ്മലുകൾ ഒരുക്കിയത്.
മീനുകളെ തിരിച്ചറിയുന്നതിനും പ്രായം തിട്ടപ്പെടുത്തുന്നതിനുമായി ചെവിക്കല്ലുകളെടുത്ത് പഠിച്ചപ്പോഴാണ് ആഭരണങ്ങളാക്കാമെന്ന് തിരിച്ചറിയുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഈജിപ്ത്, ബ്രസീൽ, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഇവ ലക്കി സ്‌റ്റോണുകളായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യൻ തീരങ്ങളിലെ ആയിരത്തോളം ഇനം മത്സ്യങ്ങളുടെ ചെവിക്കല്ലുകളുടെ ശേഖരം സി.എം.എഫ്.ആർ.ഐയിലുണ്ട്. ലോക്കറ്റ്, കൈ ചെയിൻ തുടങ്ങിയവയും ഇതുകൊണ്ട് നിർമ്മിക്കാം. വ്യാവസായികമായി ഇവ നിർമിക്കാനുദ്ദേശിക്കുന്നവർക്ക് സി.എം.എഫ്.ആർ.ഐ യെ സമീപിക്കാം.
സി.എം.എഫ്.ആർ.ഐ മ്യൂസിയവും പരീക്ഷണശാലകളും പൊതുജനങ്ങൾക്കായി തുറന്നിട്ടപ്പോൾ വിദ്യാർത്ഥികളടക്കം ആയിരങ്ങളാണ് കാണാനെത്തിയത്.
ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കാൻസറിനുള്ള മരുന്ന് നിർമാണത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന കടൽ മുയൽ, പറക്കും കൂന്തൽ, കടൽ പശു, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി എണ്ണമറ്റ കടൽജൈവവൈിധ്യങ്ങളുടെ കാഴ്ചകൾ മ്യൂസിയം സമ്മാനിച്ചു. ഓലമീൻ, ആനത്തിരണ്ടി, സൈക്കിൾചെയിൻ മത്സ്യം, ഗിത്താർ മത്സ്യം, വിവിധയിനം സ്രാവുകൾ, ഞണ്ടുകൾ, ചെമ്മീനിനങ്ങൾ തുടങ്ങിയവ വിവിധ ഗവേഷണ വിഭാഗങ്ങളുടെ ലാബുകളിൽ പ്രദർശനത്തിനൊരുക്കിയിരുന്നു. കടലിലെ വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളും ശ്രദ്ധ പിടിച്ചുപറ്റി.
ചാളയുടെ ആയുസ് ഒന്നരവർഷം
ചാള : ഒന്നര വർഷം, അയല: രണ്ടര വർഷം, കേര: 19 വർഷം. മീനായുസ് കണക്ക് ഇങ്ങിനെ പോകുന്നു. മീനുകളുടെ ചെവിക്കൽ പഠനത്തിലാണ് അവയുടെ ജീവിതകാലം കണ്ടെത്തിയത്.