high-court

കൊച്ചി : പൗരന്മാരുടെയും പ്രതികളുടെയും അവകാശങ്ങളെക്കുറിച്ച് പൊലീസിനെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിലെ പരാതിക്കാർ, പ്രതികൾ, സാക്ഷികൾ, അഭിഭാഷകർ തുടങ്ങിയവരോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് പരിശീലനം നൽകണമെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. വടകര ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ കൊണ്ടുവന്ന പ്രതിയോട് സംസാരിക്കാൻ ശ്രമിച്ചത് തടഞ്ഞതിന് അഭിഭാഷകൻ വനിതാ സിവിൽപൊലീസ് ഒാഫീസറെ പിടിച്ചുതള്ളിയെന്ന കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ലഹരിമരുന്നുകേസിൽ പ്രതിയായ അഫീഫയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ സമയത്ത് ഇവരുമായി സംസാരിക്കാൻ ശ്രമിച്ച അഭിഭാഷകൻ കല്പറ്റ സ്വദേശി പ്രശാന്തിനെ വനിതാ സിവിൽപൊലീസ് ഒാഫീസർ തടഞ്ഞു. അഭിഭാഷകനാണെന്നും പ്രതിക്കുവേണ്ടി ഹാജരാകുന്നുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് അനുവദിച്ചില്ല. ഏറെ നേരത്തെ തർക്കത്തിനുശേഷം പ്രതിയോടു സംസാരിക്കാൻ പൊലീസ് അനുവദിച്ചെങ്കിലും ഇയാൾ പൊലീസുകാരിയെ പിടിച്ചുതള്ളി കടന്നുപോയെന്നാണ് കേസ്. ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇൗ കേസ് റദ്ദാക്കാൻ അഭിഭാഷകൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പൊലീസുകാർ പ്രതിയെ കൊണ്ടുപോകുമ്പോൾ അഭിഭാഷകൻ പിന്തുടർന്നതിനോടു യോജിപ്പില്ല. നിയമസഹായം നൽകുന്നകാര്യം പ്രതിയുമായി സംസാരിക്കാൻ മറ്റു മാർഗങ്ങളുണ്ട്. എന്നാൽ ഇതിന്റെ പേരിൽ വനിതാ പൊലീസ് ഒാഫീസർ സ്വീകരിച്ച നടപടിയും അംഗീകരിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥയാണെന്ന അഹംഭാവം വെടിഞ്ഞ് പരാതിക്കാരി ഉചിതമായ തീരുമാനമെടുത്തിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് അഭിഭാഷകനെതിരായ കുറ്റപത്രവും തുടർനടപടികളും റദ്ദാക്കി.