കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെയും ഹോട്ടൽ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവരുടെയും അടിയന്തര യോഗം ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരും. വൈകിട്ട് 3ന് കളക്ടറേറ്റ് സ്പാർക്ക് ഹാളിലാണ് മാർഗനിർദേശങ്ങൾ നൽകാനുള്ള യോഗം.

ചൈനയിൽ നിന്ന് മടങ്ങിവന്ന 18 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 298 ആയി. ആരിലും രോഗലക്ഷണങ്ങളില്ല.

കളമശേരി മെഡിക്കൽ കോളേജിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 5 പേരെ കൂടി ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 5 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലുണ്ട്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.


എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്ന് പുന:പരിശോധനാ സാമ്പിളുകൾ ഉൾപ്പെടെ 7 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

രോഗ പ്രതിരോധത്തിൽ പ്രധാനപ്പെട്ട മെഡിക്കൽ മാസ്‌ക്കുകൾ, ഗ്ലൗസ് എന്നിവയുടെ വില വിതരണക്കാർ വർധിപ്പിച്ചതായി അവലോകന യോഗത്തിൽ പരാതി ഉയർന്നു. ഇത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

പ്രധാന നിർദ്ദേശം

ആശുപത്രികളിലും ക്ലിനിക്കുകളും ശ്വാസതടസം, ശ്വസന സംബന്ധിയായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടിയെത്തുന്നവരെ പരിശോധിക്കുമ്പോൾ ഡോക്ടർമാരും മറ്റു ജീവനക്കാരും എൻ 95 മാസ്‌ക്ക് അല്ലെങ്കിൽ 3 ലെയർ മാസ്‌ക്ക് ഉപയോഗിക്കണം.

രോഗി ഏതെങ്കിലും കൊറോണ ബാധിത രാജ്യങ്ങൾ അടുത്തിടെ സന്ദർശിച്ച പശ്ചാത്തലം ഉണ്ടെങ്കിലോ കഴിഞ്ഞ 28 ദിവസത്തിനിടയിൽ കൊറോണ ബാധിത രാജ്യങ്ങൾ സന്ദർശിച്ചവർ ഏതെങ്കിലും ആശുപത്രികളിൽ / ക്ലിനിക്കുകളിൽ ചികിത്സ തേടി വരികയാണെങ്കിലോ ജില്ലാ കൺട്രോൾ റൂമിലോ, 'ദിശ'യിലോ അറിയിക്കണം. ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന നിർദേശപ്രകാരം മാത്രമേ പ്രസ്തുത വ്യക്തിക്ക് പോകാനാവൂ.

ജില്ലാ കൺട്രോൾ റൂം: ഫോൺ 0484 2368802

ദിശ: 1056 / 04712552056