കൊച്ചി : സുപ്രീം കോടതിയടക്കമുള്ള കോടതികൾ നൽകിയ മാർഗനിർദ്ദേശങ്ങളും കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ നിർദ്ദേശിച്ച വ്യവസ്ഥകളും ലംഘിച്ചാണ് തൃപ്പൂണിത്തുറ ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ടു നടത്തിയതെന്ന് എ.ഡി.എം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നടക്കാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ജനുവരി 29 ന് വെടിക്കെട്ടപകടത്തെത്തുടർന്ന് 17 പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഹൈക്കോടതി അഡി. ജില്ലാ മജിസ്ട്രേട്ട് ചന്ദ്രശേഖരൻ നായരോടു റിപ്പോർട്ട് തേടിയിരുന്നു.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്ന് 100 മീറ്റർ അകലത്തിലേ കാണികളെ അനുവദിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരത്തിൽ 100 മീറ്റർ അകലം പാലിക്കാൻ കഴിയുമെന്ന തരത്തിൽ തെറ്റായ സൈറ്റ് പ്ളാൻ തയ്യാറാക്കി നൽകിയാണ് വെടിക്കെട്ടിന് അനുമതി നേടിയത്.
വ്യവസ്ഥകൾ ലംഘിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് കണ്ടെത്തിയപ്പോൾ അസി. കമ്മിഷണറും കളക്ടറും വെടിക്കെട്ട് നടത്തരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ലൈസൻസ് അനുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ട്. വെടിക്കെട്ട് തുടങ്ങുന്നതിനു മുമ്പ് കാണികളെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നതിനിടെയാണ് വെടിക്കെട്ടിന് തീ കൊളുത്തിയത്. ഒരു കുട്ടിയും എട്ടു വനിതകളുമടക്കം 17 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടു പേരുടെ കാലുകൾക്ക് ഗുരുതര പരിക്കുണ്ട്. വെടിക്കെട്ടു കരാറുകാരന്റെ ലൈസൻസ് കളക്ടർ റദ്ദാക്കി. ക്ഷേത്ര ഭാരവാഹികൾക്കും വെടിക്കെട്ട് കരാറുകാരനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.