കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ഫെബ്രുവരി 5,7 തീയതികളിൽ വെടിക്കെട്ട് നടത്താൻ ജില്ലാകളക്ടർ അനുമതി നിഷേധിച്ചു. ക്ഷേത്രസമിതി സെക്രട്ടറി അഡ്വ.എ ബാലഗോപാലൻ നൽകിയ അപേക്ഷയിലാണ് തീരുമാനം.
അപേക്ഷ പ്രകാരമുള്ള സ്ഥലത്ത് സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കാനും സ്ഫോടകനിയമങ്ങൾ 2008ഉം പാലിക്കാനും കഴിയാത്തതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
വെടിക്കെട്ട് നടത്തുന്നതിനുള്ള സ്ഥലം സ്ഫോടന നിയമപ്രകാരം നിശ്ചിത ദൂരപരിധി പാലിക്കുന്നില്ല. സുരക്ഷിത ദൂരപരിധിക്കുള്ളിൽ പെട്രോൾ പമ്പ്, ആശുപത്രി, സ്കൂൾ, ഫ്ലാറ്റ്, ടൂറിസ്റ്റ് ഹോം, നിരവധി കെട്ടിടങ്ങളും ഉണ്ട്. ആറുമീറ്റർ അകലത്തിൽ കാണികളെ മാറ്റി നിർത്തി ബാരിക്കേഡ് സ്ഥാപിക്കാൻ കഴിയില്ല. നടക്കാവ് ക്ഷേത്രത്തിലെ അപകടം സൂചിപ്പിച്ച് വെടിക്കെട്ടിനുള്ള അപേക്ഷ നിയമപരമായി പരിഗണിക്കാൻ കഴിയില്ലെന്നും കളക്ടറുടെ യോഗത്തിൽ പങ്കെടുത്ത കൊച്ചി അസി. കമ്മീഷണർ, റീജിണൽ ഫയർഫോഴ്സ് ഓഫീസർ, കണയന്നൂർ തഹസിൽദാർ എന്നിവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.
ക്ഷേത്ര ആചാരവുമായി വെടിക്കെട്ട് നടത്താൻ മൂന്ന് മാസം മുമ്പെങ്കിലും ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണമെന്നിരിക്കെ കഴിഞ്ഞ വർഷം ഡിസംബർ 11നാണ് അപേക്ഷ ലഭിച്ചതെന്നും ഉത്തരവിൽ പറയുന്നു.
എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയിൽ കളക്ടറോട് തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തീരുമാനം ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനുമുമ്പ് കോടതിയെ അറിയിക്കണം. അപേക്ഷയിൽ കളക്ടർ തീരുമാനമെടുക്കുന്നില്ലെന്നു കാട്ടി ക്ഷേത്രസമിതി സമർപ്പിച്ച ഹർജിയിലാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. പകൽപ്പൂരത്തിനും ആറാട്ടിനും ശേഷമാണ് വർഷാവർഷങ്ങളിൽ ശിവക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയിരുന്നത്.