കൊച്ചി: ഏറ്റവും കുറഞ്ഞ നിരക്കിൽ " തുണി സഞ്ചികളും പേപ്പർ ബാഗുകളും മാർക്കറ്റിൽ ലഭ്യമാക്കുന്നതിനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീയുമായി സഹകരിച്ച് സഞ്ചി നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ചു. പുതിയ തുണികൾ കൂടാതെ പുനരുപയോഗയോഗ്യമായ പഴയ വസ്ത്രങ്ങളും, തുണികളും ഉപയോഗിച്ചാണ് സഞ്ചികൾ നിർമ്മിക്കുന്നത്. വ്യാപാരികൾക്കാവശ്യമായ കുറഞ്ഞ നിരക്കിലുള്ള സഞ്ചികളും, വിവിധ തരം അലങ്കാര / എക്സിക്യൂട്ടീവ് സഞ്ചികളും നിർമ്മിക്കുന്നുണ്ട്. സഞ്ചി നിർമ്മാണത്തിന് സന്നദ്ധരായ കുടുംബശ്രീ അംഗങ്ങൾക്കായുള്ള പരിശീലന പരിപാടി കൊച്ചി നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ. ഡി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, ചേന്ദമംഗലം 'ഒപ്പം 'കൂട്ടായ്മ പ്രവർത്തകരായ എം.എം.നാസർ, കെ.വി.ബിന്ദു, കുടുംബശ്രീ പ്രവർത്തകരായ ഹസീന നസീർ, സിജി സന്തോഷ് ,മേരി ജോൺ, ബാങ്ക് ഭരണസമിതിയംഗങ്ങളായ എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ, ആശാ കലേഷ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു.