തൃപ്പൂണിത്തുറ: മഞ്ഞനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്രയുടെ പ്രധാന രഥവും പാത്രിയർക്കാ പതാകയുമായി വടക്കൻ മേഖല മഞ്ഞനിക്കര തീർത്ഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപ്പോലിറ്റൻ പള്ളിയിൽ നിന്ന് ആരംഭിച്ചു. മട്ടാഞ്ചേരി, മാമംഗലം, കളമശേരി, എറണാകുളം, പൊന്നുരുന്നി, എരൂർ എന്നിവിടങ്ങളിലെ തീർത്ഥാടകരും വൈദീകരും നടമേൽ പള്ളിയിൽ എത്തിചേർന്ന ശേഷം യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ തീർത്ഥയാത്ര തുടക്കം കുറിച്ചു. മലബാർ, കോഴിക്കോട്, തൃശൂർ, അങ്കമാലി എന്നീ ഭദ്രാസനങ്ങളിലെ പള്ളികളിലെ സ്വീകരണത്തിനു ശേഷം നടമേൽ പള്ളിയിൽ സമർപ്പിച്ച പാത്രിയർക്കാ പതാക മെത്രാപ്പോലീത്ത തീർത്ഥയാത്ര സംഘം കൺവീനർക്ക് കൈമാറി. കരിങ്ങാച്ചിറ കത്തീഡ്രൽ, ക്യംതാ കത്തീഡ്രൽ എന്നിവിടങ്ങളിലെ തീർത്ഥ യാത്രികരുമായി ചേർന്ന കാൽനട തീർത്ഥയാത്ര വെള്ളിയാഴ്ച വൈകീട്ട് മഞ്ഞനിക്കര കബറിങ്കൽ എത്തിച്ചേരും.