കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിലെ വിദ്യാർത്ഥികൾ പൂത്തൃക്ക പഞ്ചായത്തിലെ നിരപ്പാമല കോളനിയിലെ സണിക്ക് വീട് നിർമിച്ചു നൽകി. കൂലിവേലക്കാരനായ ഇയാൾ ഒറ്റയ്ക്കാണ് താമസം. നിലവിൽ താമസിക്കുന്ന വീട് ഇടിഞ്ഞ് വീഴാറായ സാഹചര്യത്തിൽ മാസങ്ങൾക്കുമുമ്പാണ് വിദ്യാർത്ഥികൾ അദ്ധ്യാപകരെ ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾ സ്വരൂപിച്ച തുകയും ,സുമനസുകളെ സമീപിച്ചും പണം കണ്ടെത്തി. വിദ്യാർത്ഥികളുടെ കായികാധ്വാനത്തിന് പുറമെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് ഒരു മുറിയും അടുക്കളയും ശൗചാലയവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വീട് പൂർത്തിയാക്കിയത്.വീടിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പോൾ വെട്ടിക്കാടൻ, സാലി ബേബി, സ്‌കൂൾ മാനേജർ ഫാ. സി.എം. കുര്യാക്കോസ്, പ്രിസിപ്പാൾമാരായ പി.പി. മിനിമോൾ, കെ.ഐ. ജോസഫ്, പി.ടി.എ. പ്രസിഡന്റ് റെജി എം. പോൾ, എൻ.എസ്.എസ്. ക്ലസ്റ്റർ പി.എ.സി. ഡോ. പി.ആർ. സതീഷ് എന്നിവർ പ്രസംഗിച്ചു..