തൃക്കാക്കര: കാക്കനാട് പെയിന്റ് കട കത്തിക്കാൻ ശ്രമം. കാക്കനാട് മിനി ഷോപ്പിംഗ് സെന്ററിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ഗ്ലാസ് കടയാണ് ചൊവ്വാഴ്ച്ച അർദ്ധ രാത്രി കത്തിക്കാൻ ശ്രമം നടത്തിയത്.അടച്ചിട്ട ഷട്ടറിന്റെ വിടവിലൂടെ കടലാസ് തിരുകിയാണ് കത്തിക്കാൻ ശ്രമിച്ചത്.കടലാസ് കുറച്ചു കത്തിയെങ്കിലും കടക്കകത്തുളള സാധനങ്ങളിലേക്ക് തീ പിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി.ലക്ഷക്കണക്കിന് രൂപയുടെ പെയിന്റ് അടക്കമുളള സാധനങ്ങൾ കടയിലുണ്ടായിരുന്നു. കടക്ക് തീപിടിച്ചിരുന്നെങ്കിൽ സമീപത്തെ ചെരുപ്പ് കട അടക്കം മിനി ഷോപ്പിംഗ് സെന്ററിലെ പത്തോളം കടകൾ പൂർണമായും കത്തി നശിക്കുമായിരുന്നു. ഇന്നലെ രാവിലെ കടയുടമ അയ്യപ്പൻ കട തുറക്കാൻ ചെന്നപ്പോഴാണ് കത്തിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്.സമീപത്ത് കടലാസും,തീപ്പട്ടി അടക്കമുള്ളവയും കണ്ടെത്തി.പരാതിയെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തെ കടകളിലെ സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്.