# പുഴക്കരയിൽ 178 കുടുംബങ്ങൾ
കൊച്ചി: അരനൂറ്റാണ്ടിലേറെയായി കോന്തുരുത്തി പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് സാംസ്‌കാരിക പ്രവർത്തകർ പിന്തുണ അറിയിച്ചു. പ്രൊഫ. എം.കെ സാനു പുഴയോരവാസികളെ സന്ദർശിച്ചു. 'ഞങ്ങളെങ്ങോട്ടുപോകും' എന്ന ചോദ്യവുമായി കോളനി വാസികൾ പ്രതിഷേധം തുടരുകയാണ്. സുപ്രീംകോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായിരുന്നു. കോന്തുരുത്തി പുഴക്കരയിലുള്ളവർക്ക് നഷ്ടപരിഹാരമോ പുനരധിവാസമോ പറഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കേറിക്കിടക്കാൻ ഒരു വീടില്ലാതെ വന്നപ്പോൾ പുഴക്കരയിൽ കുടിൽ കെട്ടിത്താമസിച്ചവരാണ് ഇവർ. മാറിവന്ന ഭരണസംവിധാനങ്ങൾ ഇവർക്ക് ഇവിടെ വീട് കെട്ടാൻ അനുമതി നൽകുകയും താമസ സൗകര്യത്തിനുള്ള മറ്റുസംവിധാനങ്ങൾ അനുവദിക്കുകയും ചെയ്തു. അനുകൂലമായ നിലപാടല്ലെങ്കിൽ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോന്തുരുത്തി കോളനി ആക്ഷൻ സംയുക്ത സമിതി. അടുത്തഘട്ടത്തിൽ നഗരസഭാകാര്യലയത്തിന് മുന്നിലേക്ക് സമരം നീട്ടാനാണ് ആലോചന.
പ്രശ്‌നം ഇങ്ങനെ :
48 മീറ്റർ വീതിയുള്ള കോന്തുരുത്തിപ്പുഴയ്ക്ക് നിലവിൽ 35 മീറ്റർ മുതൽ 5 മീറ്റർ വരെ ചുരുങ്ങിയെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. പലയിടങ്ങളിലും കൈയേറിയിട്ടുണ്ട്. പാലം നിന്നിരുന്നിടത്തെ നീരൊഴുക്ക് എക്കൽ വന്ന് അടിഞ്ഞ് ഇല്ലാതായതാണ് പുഴയുടെ വീതി കുറയാൻ കാരണമെന്ന് പുഴക്കരയിൽ താമസിക്കുന്നവർ പറയുന്നു. ചിലയിടങ്ങളിൽ പണക്കാർ പുഴയോരം അനധികൃതമായി കൈവശം വച്ചെന്നും ആക്ഷേപമുണ്ട്.
നടപടിയുമായി അധികൃതർ
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് താത്കാലികമായി മാറ്റിത്താമസിപ്പിച്ച് അടുത്ത മഴക്കാലത്ത് പുഴയുടെ നീരൊഴുക്ക് കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. പുനരധിവാസം അതിന് ശേഷമേ തീരുമാനിക്കൂ. മുമ്പ് ഒഴിപ്പിച്ച 33 കുടുംബങ്ങളുടെ കാര്യത്തിൽ എട്ടുവർഷത്തിന് ശേഷമാണ് തീരുമാനമെടുത്തത്. അതിനാൽ മാറില്ലെന്ന തീരുമാനത്തിലാണ് ഇവിടുത്തുകാർ.
അനീതി കാട്ടരുത്
കോന്തുരുത്തി കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് അധികാരികൾ പിന്തിരിയണം. അരനൂറ്റാണ്ടിലേറെയായി ജീവിക്കാൻ തട്ടിക്കൂട്ടിയ കൂരയിൽ നിന്ന് എന്തു കാരണത്തിന്റെ പേരിലായാലും ഒഴിപ്പിക്കുന്നത് നീതികരിക്കാനാകില്ല. മനുഷ്യത്വരഹിതമാണ് നിഷ്‌കളങ്കരായ മനുഷ്യരോട് ചെയ്യുന്നത്. പിഞ്ചു കുഞ്ഞുങ്ങൾ തുടങ്ങി കാൻസർ രോഗികളായ വയോധികർ വരെയുണ്ട് കോളനിയിൽ. ഇത്രയധികം മനുഷ്യരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് എങ്ങോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കണം.
പ്രൊഫ. എം.കെ.സാനു
പോകാൻ വഴിയില്ല.
''പ്രായമായവരും കിടപ്പുരോഗികളുമെല്ലാമുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. ഇവിടെ നിന്ന് മാറിയാൽ മക്കളുടെ പഠിപ്പും മുടങ്ങും. തൊട്ടടുത്ത ഫ്ലാറ്റുകളിലും മറ്റും വീട്ടുജോലി ചെയ്താണ് സ്ത്രീകൾ സമ്പാദിക്കുന്നത്. പുരുഷന്മാരിൽ ഏറിയപങ്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളും. മാറിയാൽ ജീവിതം തന്നെ വഴിമുട്ടും.''
സന്തോഷ്, ജോയിന്റ് കൺവീനർ
കോന്തുരുത്തി കോളനി ആക്ഷൻ സംയുക്ത സമിതി
പ്രൊഫ. എം.കെ. സാനു രക്ഷാധികാരി
ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി പ്രൊഫ. എം.കെ. സാനു പ്രവർത്തിക്കും. യോഗത്തിൽ കെ.എ തദേവൂസ് അദ്ധ്യക്ഷത വഹിച്ചു. സമര സഹായസമിതി ജനറൽ കൺവീനർ ടി.ആർ. ദേവൻ മുഖ്യപ്രഭാഷണം നടത്തി.