കൊച്ചി: ഇടപ്പള്ളി സ്വദേശികെ.കെ.അജികുമാർ പ്ലാസ്റ്റിക്കിനെതിരെ പോരാടാൻ തുടങ്ങിയിട്ട് വർഷം ഏഴു കഴിഞ്ഞു. 2013 ൽ ചെറായി ബീച്ചിൽ ഒക്ടോപസ് എന്ന ശില്പം ഒരുക്കിയാണ് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണം തുടങ്ങിയത്. പ്രധാനമായും കടലിലും മറ്റ് ജലാശയങ്ങളിലും പ്ളാസ്റ്റിക് ഉയർത്തുന്ന പ്രശ്നങ്ങളാണ് അജിയുടെ മുഖ്യവിഷയങ്ങൾ.
2015ൽ ഫോർട്ട് കൊച്ചി ബീച്ചിൽ മാഡ് ക്രാബ് തയ്യാറാക്കി. 2017ൽ ഇവിടെ തന്നെ സി.എം.എഫ്.ആർ. ഐയ്ക്ക് വേണ്ടി സൃഷ്ടിച്ച ഫിഷ് സെമിട്രി എന്ന ശില്പം ദേശീയ ശ്രദ്ധയാകർഷിച്ചു. ഇതിന് കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പുരസ്കാരവും ലഭിച്ചു.
കഴിഞ്ഞമാസം ഫോർട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നിൽ 1500 ഒരു ലിറ്റർ പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് 25 അടി ഉയരമുള്ള ഭീമൻ കുപ്പി ഇൻസ്റ്റലേഷൻ സൂപ്പർഹിറ്റായി. പുതുവത്സരത്തിന് കൊച്ചിൻ കാർണിവലിനൊപ്പം തുടങ്ങി ഒരു മാസം കൊണ്ട് കുപ്പിക്കുള്ളിൽ കയറി സെൽഫിയെടുക്കാനെത്തിയവർ അരലക്ഷത്തോളമാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തിൽ ഒന്നര ലക്ഷം രൂപ ചെലവിലാണ് ട്രാപ്പ് തയ്യാറാക്കിയത്.
സയൻസ് ഫിലിംമേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയവുമുള്ള കെ.കെ.അജികുമാറിന്റെ ക്രിയേറ്റീവ് സപ്പോർട്ടറായി പ്രവർത്തിച്ചത് ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ ബിജു തോമസാണ്. രണ്ടു പേരും ചേർന്ന് പഫർ പ്രൊഡക്ഷൻസ് എന്ന പരസ്യ ചിത്രീകരണ കമ്പനി നടത്തിവരികയാണ്.
പ്ലാസ്റ്റിക്ക് മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നത് സയൻസ് മുഖാന്തിരം മനസിലാക്കി നൽകാൻ സാധിക്കില്ല. അതിനാൽ സയൻസിനെ കലയുടെ മേൻപൊടി ചേർത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന ചലച്ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
കെ. കെ.അജികുമാർ