കൊച്ചി: പ്രളയത്തിൽ നിന്ന് കരകയറിവന്ന ടൂറിസം മേഖലയെ കൊറോണ വീണ്ടും തളർത്തുന്നു. വൈറസ് പേടി മൂലം ബുക്കിംഗുകൾ വൻതോതിൽ റദ്ദാക്കി.. സമ്മേളനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അയൽസംസ്ഥാനങ്ങൾ കേരളത്തിലേയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതും തിരിച്ചടിയായി.
നിപ്പ, ഓഖി, രണ്ടു പ്രളയങ്ങൾ എന്നിവയെ സർക്കാരും സംരംഭകരും കഠിനമായി പരിശ്രമിച്ച് മറികടന്നതിന് പിന്നാലെയാണ് കൊറോണ ഭീതി .
അടുത്ത ആഴ്ചയിലെ ബുക്കിംഗുകളാണ് കൂടുതലായി റദ്ദാക്കുന്നതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. കേരളത്തിൽ മൂന്നു പേരിൽ രോഗം സ്ഥിരീകരിക്കുകയും രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാകുകയും ചെയ്തതോടെയാണ് റദ്ദാക്കൽ വർദ്ധിച്ചത്. വിദേശികളുടേതാണ് ഏറ്റവുമധികം റദ്ദാക്കലുകൾ. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ സഞ്ചാരികളും റദ്ദാക്കുന്നുണ്ട്.
# സമ്മേളനങ്ങൾ മാറി
വാണിജ്യ, സംഘടനകൾ മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച സമ്മേളനങ്ങൾ റദ്ദാക്കപ്പെട്ടു. വൻകിട ഹോട്ടലുകളിൽ ആയിരങ്ങൾ പങ്കെടുക്കേണ്ട സമ്മേളനങ്ങളും റദ്ദായിട്ടുണ്ട്. ഇത് ഹോട്ടലുകളെ മാത്രമല്ല, ട്രാവൽ ഏജൻസികളെയും ടാക്സികളെയും വരെ സാരമായി ബാധിക്കും.
# ഹോംസ്റ്റേകൾക്കും തിരിച്ചടി
ഹോംസ്റ്റേകളിലും ബുക്കിംഗ് റദ്ദാകുന്നുണ്ട്. ആലപ്പുഴയിലാണ് ഏറ്റവുമധികം റദ്ദാക്കൽ. കൊച്ചി, മൂന്നാർ, കുമളി, തേക്കടി, തൃശൂർ, കുമരകം മേഖലകളിലും ഏതാനും ദിവസങ്ങൾക്കിടെ നിരവധി പേർ ബുക്കിംഗ് റദ്ദാക്കി. താമസിച്ചിരുന്ന പലരും മടങ്ങുകയും ചെയ്തതായി സംരംഭകർ പറഞ്ഞു.
# വിലക്കി ഇതര സംസ്ഥാനങ്ങൾ
ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതോടെ സമീപ സംസ്ഥാനങ്ങൾ ഉൾപ്പെടെ കേരളത്തിലേയ്ക്ക് യാത്ര വിലക്കി. ഏതാനും ആഴ്ച യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം. കേരള ടൂറിസത്തിനെതിരെ പ്രവർത്തിക്കുന്ന സംഘങ്ങൾ വടക്കേയിന്ത്യയിൽ ആശങ്ക പരത്തുന്ന പ്രചരണവും നടത്തുന്നുണ്ടെന്ന് ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു.
# ഭീതി പരത്തരുത്
ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ ഭീതി ജനങ്ങളിൽ പരത്തുന്നത് ഒഴിവാക്കണം. മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളും നൽകട്ടെ. ഭീതി വേണ്ടെന്ന സന്ദേശം നൽകുകയാണ് പ്രധാനം. അല്ലെങ്കിൽ തിരിച്ചടി രൂക്ഷമാകും. അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
എബ്രഹാം വർഗീസ്
മുൻ പ്രസിഡന്റ്
കേരള ട്രാവൽ മാർട്ട്
# റദ്ദാക്കൽ പെരുകി
റദ്ദാക്കൽ കൂടി വരുകയാണ്. അടുത്തയാഴ്ചത്തെ ബുക്കിംഗാണ് കൂടുതൽ റദ്ദായത്. ആലപ്പുഴയിലേയ്ക്ക് ആരും പോകുന്നില്ല. വെള്ളപ്പൊക്കം ഉൾപ്പെടെ എല്ലാ ദുരന്തങ്ങളും ബാധിക്കുന്നത് ടൂറിസത്തെയാണ്. ആഭ്യന്തര സഞ്ചാരികളുടെ വരവ് നിലയ്ക്കുന്നത് ഹോം സ്റ്റേകൾക്കും തിരിച്ചടിയാണ്.
എം.പി. ശിവദത്തൻ
പ്രസിഡന്റ്
ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി
# ജാഗ്രത വേണം : കളക്ടർ
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. ടൂറിസം മേഖലയിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. നിരീക്ഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
യോഗത്തിൽ ദുരന്ത വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാദേവി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ.ആർ. വിവേക് കുമാർ, ഡോ. അഖിൽ സേവ്യർ മാനുവൽ എന്നിവർ പങ്കെടുത്തു.