കൊച്ചി : എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പകൽപ്പൂരത്തിനും ആറാട്ടിനും വെടിക്കെട്ട് നടത്താൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ കാഴ്ചക്കാരെ ബാരിക്കേഡുകൾ സ്ഥാപിച്ച് തടയണമെന്നതുൾപ്പെടെ വെടിക്കെട്ട് നടത്താനുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ദേവസ്വംബെഞ്ച് അനുമതി നൽകിയത്. റവന്യു, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷ കളക്ടർ പരിഗണിച്ച് തീരുമാനമെടുത്തില്ലെന്നാരോപിച്ച് ക്ഷേത്രക്ഷേമസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ അപേക്ഷയിൽ തീരുമാനമെടുക്കാത്ത കളക്ടറുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. തീരുമാനമെടുക്കാതെ കോടതിയിലേക്ക് വിഷയം വലിച്ചിടുന്നത് ഉചിതമല്ലെന്ന് വിമർശിച്ച ഹൈക്കോടതി കളക്ടർ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ച് കളക്ടർ വെടിക്കെട്ടിന് കഴിഞ്ഞദിവസം അനുമതി നിഷേധിച്ചു. ഇക്കാര്യം ഇന്നലെ ഹർജിക്കാർ ദേവസ്വം ബെഞ്ചിൽ അറിയിച്ചു. തുടർന്നാണ് വിഷയം വീണ്ടും പരിഗണിച്ച ഹൈക്കോടതി വെടിക്കെട്ടിന് ഉപാധികളോടെ അനുമതി നൽകാൻ ഉത്തരവിട്ടത്. വെടിക്കെട്ട് നടത്താനായി ഉപയോഗിക്കുന്ന സാധനങ്ങൾ അപകടമുണ്ടാക്കുന്നതല്ലെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് അനുമതി നിഷേധിച്ച കളക്ടറുടെ ഉത്തരവിലെ അപാകതകൾ ഒാരോന്നായി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നടത്താനായി ബാരിക്കേഡുകൾ സ്ഥാപിച്ച് ഒഴിപ്പിച്ചെടുക്കുന്ന 100 മീറ്റർ ചുറ്റളവിനുള്ളിൽ വെടിക്കെട്ട് നടത്തുന്നവരല്ലാതെ മറ്റാരും കയറാൻ അനുവദിക്കരുത്. കാഴ്ചക്കാരെ നിയന്ത്രിക്കുന്നതിനും മറ്റുമായി മതിയായ പൊലീസിനെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെടിക്കെട്ടിനൊപ്പം ദേവസ്വം ബോർഡിനുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ കതിന പൊട്ടിക്കുന്നതിനും അനുമതിയുണ്ട്.
മരട് ഫ്ളാറ്റ് പൊളിക്കലിനെ ഒാർമ്മപ്പെടുത്തി
വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിനുള്ള അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കുന്നതിൽ വീഴ്ച വരുത്തുന്നതെന്തിനാണെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. അഞ്ച് മീറ്റർ പോലും അകലത്തിലല്ലാത്ത കെട്ടിടങ്ങൾക്ക് ഒരു കുഴപ്പവും വരാതെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്തിയില്ലേ? പിന്നെയും തീരുമാനമെടുക്കാതെ വെടിക്കെട്ടിന് അനുമതി നൽകുന്ന ചുമതല കോടതിക്ക് കൈമാറുന്നതെന്തിനാണ് ? ഉത്തരവുകളിലെ നിയമപരമായ പുന: പരിശോധനയാണ് കോടതിയുടെ ചുമതല. ഭരണ നിർവഹണം ജില്ലാ ഭരണകൂടത്തിന്റേതാണെന്നും ഡിവിഷൻബെഞ്ച് ഒാർമ്മപ്പെടുത്തി. വെടിക്കെട്ടിന് അനുമതി നിഷേധിച്ച് കളക്ടർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ പലതും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അനുമതി നിഷേധിക്കാൻ കാരണം കണ്ടെത്തുകയാണോ എന്നു തോന്നുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
വെടിക്കെട്ട് ഐറ്റങ്ങൾ :
ഒാലപ്പടക്കം - ഒരു ലക്ഷം
തുകലൻ - 200 എണ്ണം
ചൈനീസ് പടക്കം - 10 പാക്കറ്റുകൾ
മഴത്തോരണം - 150 എണ്ണം
മത്താപ്പ് - അഞ്ച് കിലോ
കതിന
( പകൽപ്പൂരത്തിനും ആറാട്ടിനും ഇതേയളവിലാണ് വെടിക്കെട്ട് നടത്തുന്നത്)