ഇതുവരെ നീക്കിയത് 300 ലോഡ് കോൺക്രീറ്റ് മാലിന്യം
കൊച്ചി: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നുള്ള കോൺക്രീറ്റ് മാലിന്യം നീക്കുന്നതിൽ ഒളിച്ചുകളി. മാലിന്യം നീക്കാൻ കരാറെടുത്ത കമ്പനി കുമ്പളത്തെ യാർഡിലേക്കാണ് ഇവ എത്തിക്കുകയെന്ന് കാട്ടിയാണ് മലിനീകരണ നിയന്ത്രണബോർഡിന്റെ സമ്മതം നേടിയത്. കുമ്പളത്തെ യാർഡിലേക്ക് ഇത് എത്തിച്ചില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന് ലഭിച്ച വിവരം.
നാലിടത്തെ യാർഡുകളിലേക്കാണ് മാലിന്യം നീക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞെങ്കിലും അവ എവിടെയാണെന്ന് വ്യക്തമാക്കിയില്ല. മാലിന്യം നീക്കുന്നതിൽ നഗരസഭയുടെയും കമ്പനി അധികൃതരുടെയും അലംഭാവം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡ് നാല് നോട്ടീസുകളാണ് നൽകിയത്. അവസാന നോട്ടീസ് ഇന്ന് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണബോർഡ് നൽകും. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാമത്തെ നോട്ടീസ്.
മരടിലെ മാലിന്യനീക്കത്തിന് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹരിതട്രൈബ്യൂണലിന് സമർപ്പിക്കും. നടപടി ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കും.
സമീപവാസികൾ നേരിടുന്ന പൊടിശല്യത്തിന് ആവശ്യമായ പരിഹാരം കണ്ടില്ലെന്നും ആക്ഷേപമുണ്ട്. സമീപവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നിരീക്ഷിക്കാാൻ മലിനീകരണ നിയന്ത്രണബോർഡ് പ്രദേശത്ത് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പകൽ കോൺക്രീറ്റും കമ്പിയും വേർതിരിക്കുകയും രാത്രി കോൺക്രീറ്റ് മാലിന്യം നീക്കുകയുമാണ് നിലവിൽ ചെയ്യുന്നത്.
ഇടപെടുന്നത് ആക്ഷേപമുണ്ടാകാതിരിക്കാൻ
''കോൺക്രീറ്റ് മാലിന്യത്തിന്റെ പേരിൽ ആക്ഷേപമുണ്ടാകാതിരിക്കാനാണ് മലിനീകരണബോർഡ് വിഷയത്തിൽ ഇടപെടുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സുപ്രീംകോടതിയോട് ഉത്തരം പറയേണ്ടി വരും. മാലിന്യം നീക്കുന്ന കമ്പനിയോ മരട് നഗരസഭയോ ഉത്തരവാദിത്തം കാട്ടുന്നില്ല''
എം.എ ബൈജു
ചീഫ് എൺവയോൺമെന്റൽ എൻജിനിയർ
മലിനീകരണ നിയന്ത്രണ ബോർഡ്