കൊച്ചി : പ്രളയത്തെത്തുടർന്നുള്ള നഷ്ടപരിഹാരക്കേസുകളുടെ അപ്പീലുകൾ കൈകാര്യം ചെയ്യുന്നതിന് കമ്പ്യൂട്ടറുകളും മറ്റും വാങ്ങാനുള്ള അടിയന്തര സഹായമായി 6.5 ലക്ഷം രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് (കെൽസ) നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരക്കേസുകളിലെ അപ്പീലുകൾ വേർതിരിക്കുന്നതിനും മറ്റുമായി മൂന്നു ജീവനക്കാരെ അനുവദിക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിരുന്നു. 2018 ലെ പ്രളയത്തെത്തുടർന്ന് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നതടക്കമുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അപ്പീലുകൾ പരിഗണിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളെക്കുറിച്ചു റിപ്പോർട്ട് നൽകാൻ കെൽസയെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചുമതലപ്പെടുത്തിയിരുന്നത്. സർക്കാർ നൽകുന്ന മൂന്നു ജീവനക്കാർക്കു പുറമേ കെൽസയുടെ രണ്ടു ജീവനക്കാരും അപ്പീൽ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുണ്ടാകും. മൂന്നുമാസത്തേക്ക് ഇൗ സംവിധാനം തുടരാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഇതിനകം അപ്പീലുകൾ തീർപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. ഹർജി മൂന്നു മാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.