കൊച്ചി: പേരണ്ടൂർ കനാലിന്റെയും മറ്റു ശുദ്ധജല കനാലുകളുടെയും ശുചീകരണം കൊറോണ വൈറസിനെ നേരിടുന്നത്ര ജാഗ്രതയോടെ ചെയ്യണമെന്നും ഇനിയൊരു പ്രളയം കൊച്ചി നഗരം താങ്ങില്ലെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തേവര-പേരണ്ടൂർ കനാൽ ശുദ്ധീകരിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇത് വ്യക്തമാക്കിയത്. കനാൽ ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ മൂന്നു മാസം മുമ്പ് കോടതി ഉന്നത തല കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഇതുവരെ കമ്മിറ്റി എന്തു ചെയ്തെന്ന കാര്യം റിപ്പോർട്ടായി നൽകിയില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി പറയുന്നു

 ഉന്നത തല കമ്മിറ്റി യോഗം ചേർന്ന് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകണം

 എറണാകുളം നഗരത്തിലെ കനാലുകളുടെ നവീകരണം ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വേണം

 പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ ഒരുപരിധി വരെ നീക്കിയിട്ടുണ്ട്

 റെയിൽവെയുടെ സമീപത്തെ കലുങ്ക് കനാലിന്റെ ഒഴുക്കു തടസപ്പെടുത്തുന്നുണ്ട്

 എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചാലേ വെള്ളക്കെട്ട് പരിഹരിക്കാനാവൂ

 പേരണ്ടൂർ കനാൽ കൈയേറ്റം: നടപടിയെന്തായി ?

പേരണ്ടൂർ കനാൽ കൈയേറ്റത്തിനെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ചോദിച്ചു. ഇതിനായി മാസങ്ങൾക്കു മുമ്പേ കോടതി ഉത്തരവു നൽകിയതാണ്. കൊച്ചി നഗരസഭയ്ക്ക് മാത്രമായി ഇക്കാര്യത്തിൽ അറ്റകുറ്റപ്പണികളല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. മഴയ്ക്കു മുമ്പ് കനാൽ നവീകരണം പൂർത്തിയാക്കണം. ഇതു നടക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും.

കൃത്യമായി വൃത്തിയാക്കുന്നില്ലെന്ന് റിപ്പോർട്ട്

പേരണ്ടൂർ കനാൽ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നില്ലെന്നും ക്ളീനിംഗിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയെന്ന് നഗരസഭയും കരാറുകാരനും പറയുമ്പോഴും കനാലിൽ പോള അടിഞ്ഞു കൂടിയ നിലയിലാണെന്നും കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പേരണ്ടൂർ കനാൽ ശുചീകരണം നിരീക്ഷിക്കാനുള്ള ഉന്നത തല സമിതിയുടെ കൺവീനറാണ് കെ.ടി. നിസാർ അഹമ്മദ്.

റിപ്പോർട്ടിൽ നിന്ന് :

 ഫെബ്രുവരി ഒന്നിന് ഉന്നത തല സമിതി തേവര - പേരണ്ടൂർ കനാൽ പരിശോധന നടത്തി

 തേവര മാർക്കറ്റിന് സമീപം കനാൽ ഭൂമി കൈയേറി നഗരസഭ തന്നെ റോഡ് നിർമ്മിച്ചിട്ടുണ്ട്

 ഈ മേഖലയിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ട്

 മാർക്കറ്റ് ഭാഗത്തും കനാൽ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്

 കോന്തുരുത്തി പുഴ പേരണ്ടൂർ കനാലിൽ ചേരുന്ന ഭാഗത്ത് വൻതോതിൽ ചെളി അടിഞ്ഞുകൂടി

 ഇവിടെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്

 കനാലിനു കുറുകേ വാട്ടർ അതോറിറ്റിയുടെ പൈപ്പും കേബിളുകളും കടന്നു പോകുന്നു

 സമീപത്തെ കെട്ടിടങ്ങളിൽ നിന്നുള്ള സ്വീവേജ് പൈപ്പുകൾ പേരണ്ടൂർ കനാലിലേക്ക് തുറക്കുന്നു

 പുല്ലേപ്പടിയിലും സ്വീവേജ് പൈപ്പുകൾ കനാലിലേക്ക് തുറന്നിട്ടുണ്ട്

 പുല്ലേപ്പടി മേഖലയിലും ഭാസ്കരീയത്തിന്റെ ഭാഗത്തും കനാലിൽ പായലും പോളയും അടിഞ്ഞു കൂടി

 ഇൗ മേഖലയിൽ വൻതോതിൽ കൈയേറ്റമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

 വടുതല പേരണ്ടൂർ റെയിൽവെ മേൽപാലത്തിനു സമീപം കനാലിലെ ചെളി നീക്കി വഴിയിലിട്ടിരിക്കുന്നു