# ഇന്ന് ദേവസ്വം സ്ഥലത്തെ സ്റ്റാളുകളുടെ ലേലം നടക്കും
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് നടക്കുന്ന ബലിതർപ്പണത്തിനായുള്ള ബലിത്തറകളുടെ ലേലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് ആരംഭിച്ചു. 200 ഓളം ബലിത്തറകളാണ് ദേവസ്വം ബോർഡ് ലേലം ചെയ്യാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ട ലേലത്തിൽ 55 ബലിത്തറകളാണ് നൽകിയത്.
ഇതുവഴി 27,13,635 രൂപ ദേവസ്വം ബോർഡിന് ലഭിച്ചു. ബലിത്തറകൾ പുഴയോട് ചേർന്നുള്ളവ 'എ' വിഭാഗത്തിലും അതിന് പിന്നിലായി 'ബി' വിഭാഗത്തിലുമായാണ് ലേലം ചെയ്യുന്നത്. പെരിയാറിന് കുറുകെയുള്ള നടപ്പാലം ഇറങ്ങി മണപ്പുറത്തേയ്ക്ക് വരുന്ന ഭാഗത്ത് 1.13 ലക്ഷം രൂപയ്ക്ക് വരെ തറ ലേലം ചെയ്‌തെടുത്തിട്ടുണ്ട്. രണ്ടാംഘട്ട ലേലം പത്താം തീയതി നടക്കും.
പൂജാകർമ്മങ്ങൾ അഭ്യസിച്ച പുരോഹിതനാണ് ബലിത്തറ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുക. പുരോഹിതനാണെന്ന് തെളിയിക്കുന്ന തന്ത്രിയുടെ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 50 രൂപയുടെ ഫോമിലാണ് അപേക്ഷ നൽകേണ്ടത്.
തർപ്പണത്തിനെത്തുന്ന ഭക്തരിൽ നിന്നും 75 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മണപ്പുറത്ത് ഭക്തർക്ക് കാണാവുന്ന വിധം ബോർഡും സ്ഥാപിക്കും.
ഇന്ന് ദേവസ്വം സ്ഥലത്തെ സ്റ്റാളുകളുടെ ലേലവും നടക്കും. മണപ്പുറത്തെ ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ നടന്ന ലേലത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി.എസ്. ശ്രീകുമാർ, അസിസ്റ്റന്റ് കമ്മീഷണർ എൻ. ശ്രീധരശർമ്മ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. അജയകുമാർ, ജീവനക്കാരായ സ്മിത, സുരേഷ്, അജിത എന്നിവർ നേതൃത്വം നൽകി.