കൊച്ചി: അമൃത ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (എഐഎംഎസ്) സ്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം രോഗാവസ്ഥകളും പരിശോധിക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രേം നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന മുഖ്യാതിഥിയായിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ. പവിത്രൻ കാൻസർദിന സന്ദേശം നല്കി. സിനിമാതാരം സംയുക്താ മേനോൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

സമഗ്ര വനിതാ ആരോഗ്യസേവനത്തിനായുള്ള 'പരിപൂർണ'യുടെ ഭാഗമാണ് സ്തനപരിശോധനാ യൂണിറ്റെന്ന് പരിപൂർണ വനിതാ ആരോഗ്യ ക്ലിനിക്കിന്റെ ചുമതലയുള്ള സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. കെ.വി. ബീന പറഞ്ഞു. എല്ലാവിധ ഓങ്കോപ്ലാസ്റ്റിക് ശസ്ത്രക്രിയയും സ്തനത്തിന്റെ ഭാഗങ്ങൾ രൂപഭേദം വരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണെന്ന് സർജിക്കൽ ഓങ്കോളജി യൂണിറ്റിന്റെ വകുപ്പ് മേധാവി ഡോ. വിജയകുമാർ പറഞ്ഞു. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കേണൽ വിശാൽ മർവ, അംബിക ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഓങ്കോളജി സെന്ററിലാണ് പുതിയ ക്ലിനിക് .