കൊച്ചി: ഹയർസെക്കൻഡറി സയൻസ് വിദ്യാർത്ഥികളെ പഠനയന്ത്രങ്ങളാക്കുന്ന പരിഷ്കാരങ്ങൾ വരുന്നു. ഗവേഷണ വിദ്യാർത്ഥികൾ പോലും ഒരു വിഷയത്തിൽ പ്രബന്ധം (ഡെസർട്ടേഷൻ) തയ്യാറാക്കുമ്പോൾ രണ്ട് വർഷം കൊണ്ട് സയൻസ് വിദ്യാർത്ഥി ഏഴ് വിഷയങ്ങളിൽ പ്രബന്ധം രചിക്കണം. അതും ഇരുപത് മാർക്കിന് വേണ്ടി.

നിലവിലുള്ള തുടർമൂല്യനിർണയത്തിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മാറ്റം വരുത്താനാണ് ആലോചന. കുട്ടികളുടെ ഇഷ്ടവിഷയം കണ്ടെത്തി അദ്ധ്യാപകർ മാർഗനിർദ്ദേശം നൽകണം. കഴിഞ്ഞ ദിവസം ക്ളസ്റ്റർ യോഗങ്ങളിൽ മാറ്റങ്ങളെക്കുറിച്ച് അദ്ധ്യാപകരെ അറിയിച്ചു. അദ്ധ്യാപകരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചതിന് ശേഷമേ ഉത്തരവിറങ്ങൂ എന്നാണ് അധികൃതരുടെ വിശദീകരണം.

പ്രബന്ധം തയ്യാറാക്കലും

മൂല്യനിർണ്ണയവും

ഇക്കൊല്ലത്തെ പ്ളസ് വൺ പ്രവേശനം മുതൽ 'പ്രബന്ധ തീരുമാനം' നടപ്പിൽ വരും. രണ്ട്

അദ്ധ്യയന വർഷങ്ങൾ കൊണ്ട് വിദ്യാർത്ഥി പ്രബന്ധ രചന പൂർത്തീകരിക്കണം. ഒന്നാംവർഷം ആരംഭിച്ച് രണ്ടാം വർഷത്തിന്റെ അവസാന ടേമിൽ പാഠാന്വേഷണരേഖ സമർപ്പിക്കണം. സംഗ്രഹം സമർപ്പിക്കുന്നത് വരെയുള്ള വിലയിരുത്തൽ ആദ്യവർഷത്തിൽ നടത്തണം. രണ്ടാംവർഷം വിലയിരുത്തൽ പൂർണമാക്കണം. ഓരോ ടേമിലെയും പ്രവർത്തനത്തിന് സ്കോർ 10 ആയി കണക്കാക്കി ആകെ 20 മാർക്കാണ് നൽകേണ്ടത്.

ആക്ഷേപം

പാഠ്യപദ്ധതി പരിഷ്കരിക്കാതെ നടപ്പാക്കുന്ന പ്രബന്ധം തയ്യാറാക്കൽ വിദ്യാർത്ഥികളിൽ മാനസിക സമ്മ‌ർദ്ദം സൃഷ്ടിക്കും. ഗ്രാമീണമേഖലയിൽ ലൈബ്രറി സൗകര്യം, പത്രങ്ങൾ എന്നിവ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമല്ല. സയൻസ് വിദ്യാർത്ഥികൾക്ക് ഇരട്ടിഭാരമാകും.

പഠനാന്വേഷണത്തിന്റെ

ലക്ഷ്യങ്ങൾ

ജ്ഞാനാന്വേഷണം, പ്രയോഗം, ഗവേഷണ താത്പര്യം, ഡാറ്റാ ശേഖരണം, ഡാറ്റ വർഗീകരണം, വിശകലനം, ആശയരൂപീകരണം, യുക്തിഭദ്രമായ ചിട്ടപ്പെടുത്തൽ, അക്കാഡമിക് രചന, അക്കാഡമിക് എത്തിക്സ്