കൊച്ചി: സർക്കാരിനെയോ വിദ്യാഭ്യാസ വകുപ്പിനെയോ വിമർശിച്ച് അഭിപ്രായപ്രകടനം നടത്തിയാൽ മുന്നറിയിപ്പ് കൂടാതെ അച്ചടക്കനടപടിയെടുക്കുമെന്ന ഭീഷണിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഹയർസെക്കൻഡറി അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമാണ് ഉത്തരവ്. അദ്ധ്യാപരുടെയും അനദ്ധ്യാപക ജീവനക്കാരുടെയും സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവായിട്ടാണ് ഇത് ഇന്നലെ സ്കൂളുകളിലെത്തിയത്.

അദ്ധ്യാപകരും അനദ്ധ്യാപകരും സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാരിന്റെയും വകുപ്പിന്റെയും നടപടികളെ വിമർശിച്ച് അഭിപ്രായ പ്രകടനം നടത്തുന്നത് 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ)യുടെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. ഈ ചട്ടപ്രകാരം സർ‌ക്കാർ ജീവനക്കാർ എന്തെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ സർക്കാർ എടുക്കുന്ന നടപടികളെയോ വിമർശിക്കാൻ പാടില്ല. ഇത്തരത്തിൽ ചട്ടലംഘനം നടത്തുന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമെതിരെ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒപ്പിട്ട ഉത്തരവിൽ പറയുന്നു. ഇതിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരാനിടയുണ്ട്.