കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷിപ്പട്ടികയിലുള്ള നടനും സംവിധായകനുമായ ലാലിനെയും ലാൽ ക്രിയേഷൻസിലെ പ്രവർത്തകരെയും വിചാരണക്കോടതി ഇന്നു വിസ്തരിക്കും. ലാലിനു പുറമേ ഭാര്യ, മകൻ, മരുമകൾ എന്നിവർ ഇന്ന് വിസ്താരത്തിന് ഹാജരാകണം. ഇരയായ നടിയുടെ ഭർത്താവിനെ ഇന്നലെ വിസ്തരിച്ചു. അനാരോഗ്യം കാരണം നടിയുടെ അമ്മ ഹാജരായില്ല. നടിയെ ആക്രമിക്കാനെത്തിയ പ്രതികൾ അങ്കമാലിയിലെ ഒരു തട്ടുകടയിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇൗ കടയുടയമയെയും ഇന്നലെ വിസ്തരിച്ചു. നടൻ ദിലീപ് ഉൾപ്പെടെ പത്തു പ്രതികളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിനുശേഷം ഇരയായ നടി കാക്കനാട് പടമുഗളിലുള്ള ലാലിന്റെ വീട്ടിലാണ് അഭയം തേടി എത്തിയത്. ഇവിടെ നിന്നാണ് വിവരം പൊലീസിനെ അറിയിച്ചത്.
അതേസമയം ദിലീപിനുവേണ്ടി ചണ്ഡിഗഢിലെ സെൻട്രൽ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ച ദൃശ്യങ്ങളുടെ റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദിലീപിന്റെ അഭിഭാഷകൻ നടിയെ വിസ്തരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാകും. നടിയുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി.